Wednesday, February 4, 2015

സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഉള്ളിടങ്ങൾ


വീട്ടമ്മ എന്ന പരികല്പനയിൽ നിന്ന് കേരള സ്ത്രീ പൊതു മണ്ഡലത്തിൽ വ്യത്യസ്ത രീതിയിൽ ദൃശ്യതയിലേക്ക് വന്നു കൊണ്ടിരിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഗൃഹസ്ഥ എന്ന പുരുഷൻ കല്പിച്ചേകിയ  ഒരു വ്യക്തിത്വവും വീടും,അടുക്കളയും എന്ന   എന്ന് പിതൃ കേന്ദ്രീകൃതമായ മൂല്യ വ്യവസ്ഥ പകർന്നു നല്കിയ  ഭൂമികയിൽ നിൽക്കുന്ന ഒരസ്ഥിത്വമുണ്ട് സ്ത്രീക്ക്‌. ഇത് അതിലംഘിച്ചു കൊണ്ടു കേരള സ്ത്രീ വ്യത്യസ്ത ചരിത്ര സന്ദർഭങ്ങളിൽ പുറത്തേക്ക് കടക്കുന്നതാണ് സമകാലിക സ്ത്രീ അവസ്ഥയിലെ ആശാവഹമായ ഒരു കാര്യം. വ്യത്യസ്ഥ സാഹചര്യത്തിൽ നിന്നു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചില ഉദാഹരണങ്ങൾ പരിഗണിക്കുകയാണങ്കിൽ ഒന്ന്‌ കേരളത്തിലെ പാർശ്വവത്കൃത സമൂഹങ്ങളായ ആദിവാസി ദളിത് സമൂഹങ്ങൾ ഭൂമിയുടെ അവകാശത്തിനു വേണ്ടി നടത്തിയ ഭൂസമരങ്ങളിൽ മുമ്പെങ്ങുമില്ലാ‍ത്ത രീതിയിൽ അതിശക്തമായ് പ്രത്യക്ഷപ്പെടുന്ന സ്ത്രീ സാന്നിദ്ധ്യമാണ്.  മുത്തങ്ങയിലും ചെങ്ങറയിലുമെല്ലാം ഈ ഒരു സ്ത്രീ സാന്നിദ്ധ്യം മുഖ്യധാരാ മാധ്യമങ്ങളിലൂടെ  പോലും മലയാളിക്കു മുമ്പിൽ പ്രത്യക്ഷമായതാണ് . ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ സ്ഫോടനാത്മകമായ് സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന മുത്തങ്ങ സമരം നയിച്ച ജാനു തന്നെയാണ് ഈ ഒരാർജ്ജവത്തിന്റെ പ്രതീകങ്ങളിലൊന്ന്. വർഷങ്ങളായ് അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ഒരു  സ്വത്വ വിഭാഗത്തിനെ അവകാശബോധത്തിന്റെയും, സമരത്തിന്റെ സാധ്യതയുടെയും സ്വപ്നങ്ങളിലേക്ക് പരിവർത്തിപ്പിച്ചു എന്നതാണ് ജാനു എന്ന ആദിവാസി നേതാവിന്റെ വലിയ സംഭാവനകളിലൊന്ന്‌. അതുപോലെ ഇരുട്ടിന്റെ മറവിൽ നിന്ന് കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങളെ സ്വന്തം അനുഭവത്തിലൂടെയും അതിന്റെ പ്രശ്ന പരിസരങ്ങളിലൂടെയും  ഭാ‍വിയിൽ അത് നിർമ്മിക്കാ‍ൻ സാധ്യതയുള്ള പ്രതിരോധത്തിന്റെ  രാഷ്ട്രീയത്തെയും കുറിച്ചുള്ള ആഗ്രഹങ്ങളെ ദൃശ്യതയിലേക്ക് കൊണ്ടുവരുന്നതാണ് അപൂർണ്ണമെങ്കിലും ആദ്യ ശ്രമം എന്ന നിലയില്‍ നളിനി ജമീലയുടെ ശ്രമങ്ങളെ നാം തിരിച്ചറിയേണ്ടത്. എന്നാൽ നമുക്കു മുമ്പിൽ പ്രത്യക്ഷമായ മറ്റു ചില ഉദാഹരണങ്ങൾ പരിശോധിക്കുകയാണെങ്കിൽ  പുരുഷനോടൊപ്പം നിൽക്കുന്ന അല്ലെങ്കിൽ പുരുഷനെ വെല്ലുന്ന രീതിയിൽ ബസ്സ് ഓടിക്കുന്ന സ്ത്രീ, തെങ്ങു കയറുന്ന സ്ത്രീ തൊഴിലാളി, ഇറച്ചിക്കട നടത്തുന്ന വയനാട്ടിലെ മുസ്ലിം സ്ത്രീ തുടങ്ങിയ സ്ത്രീ  പ്രതിനിധാനങ്ങള്‍ സമൂഹത്തിന്റെ മുമ്പിലേക്ക് നമ്മുടെ മാധ്യമങ്ങൾ വഴി ദൃശ്യതയിലേക്ക് വരുമ്പോൾ, അല്ലെങ്കിൽ ഒരു കൌതുകം എന്ന രീതിയിൽ അവതരിക്കപ്പെടുമ്പോൾ നമുക്കു ബോധ്യം വരുന്ന കാര്യം അവകാശ ബോധത്തേക്കാൾ ഈ വെളിപ്പെടൽ അതിജീവനവുമായ് ബന്ധപ്പെടുന്നു എന്നതാണ്. കാരണം മുകളിൽ പറഞ്ഞ എല്ലാറ്റിനെയും പിന്‍‌തള്ളിക്കൊണ്ട് വരുന്ന പിന്നാമ്പുറങ്ങളിൽ  ഉയർന്നു നിൽക്കുന്ന യാഥാർത്ഥ്യങ്ങൾ  പരിശോധിക്കുമ്പോൾ അത് നമ്മെ കൂടുതൽ ബോധ്യപ്പെടുത്തുന്നത് ഈ ദൃശ്യത മറ്റെന്തിനേക്കാളുമുപരി അതിജീവനവുമാ‍യ് ബന്ധപ്പെടുന്നു എന്നതാണ്.
                സമകാലിക ഇന്ത്യൻ സ്ത്രീ പ്രതിരോധങ്ങളെ  പരിഗണിക്കുമ്പോൾ നമ്മുടെ മുമ്പിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന രണ്ടു പേരുകളാണ് മേധാ പട്ക്കർ അരുന്ധതി റോയ് എന്നിവർ.  സ്ത്രീ  എന്ന പരികല്പനയെ, പ്രകൃതി അഥവാ പരിസ്ഥിതി തുടങ്ങിയ മനുഷ്യ വർഗ്ഗത്തിന്റെ നിലനില്പിനെയും പരസ്പരാശ്രയത്തവും  ജൈവ നൈരന്തര്യവും ഉൾപ്പെടുന്ന  സമഗ്രവും നീതിയുക്തവുമായ  സാമൂഹ്യദർശനങ്ങളിലേക്ക്   കൊണ്ടുവന്നു.   ഇങ്ങിനെ കൊണ്ടു വരുന്നതിലൂടെ വിശാല ജൈവ മണ്ഡലത്തിന്റെ ഭാഗമായ് ഈ രണ്ട് പ്രതിനിധാനങ്ങളെയും മുന്നോട്ടു വെച്ചുകൊണ്ടുള്ള പരിസ്ഥിതി ബന്ധിതവും അതേ സമയം  നില നില്പ് രാഷ്ട്രീയത്തിന്റെ സാധ്യതകളും ഊൾപ്പെടുന്ന സമര മുഖങ്ങൾ ഇന്ത്യയിലുടനീളം വ്യാപിച്ചു കടക്കുന്ന ഒട്ടനവധി  ഗ്രാമീണ  സമരമുഖങ്ങളിളിലേക്ക് പകർന്നു നൽകാൻ  കഴിഞ്ഞു എന്നതാണ്  അകിലേന്ത്യാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇവരുടെ വലിയ സംഭാവനകളിലൊന്ന്. ഈ ഒരു ചിന്തയുടെയും വാദത്തിന്റെയും അലയൊലികൾ നിലനില്പുമായ് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സമര രൂപങ്ങളെയും ഏതങ്കിലുമർത്ഥത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സ്ത്രീ പ്രകൃതിയാണന്നു കരുതുകയും പരിസ്ഥിതി നില നില നില്പ് തുടങ്ങിയ മൂല്യങ്ങൾ പ്രകൃതിയുടെ ഭാഗമാണന്ന് കരുതുകയും ചെയ്യുന്ന ഒരു ദർശനത്തിന്റെ ഭാഗമായാണ് നാം ഇതിനെ തിരിച്ചറിയേണ്ടത്.
                    കേരളീയ സ്ത്രീ അവസ്ഥയെ വിശകലനം ചെയ്യുമ്പോൾ വളരെ പ്രധാനമായ് തോന്നുന്ന ഒരു വസ്തുത sex, gender എന്നീ രണ്ട് സംജ്ഞകളെ സംബോധനം ചെയ്യുന്നതിൽ സ്ത്രീപക്ഷ പ്രസ്ഥാനങ്ങൾ ഉൾപടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ വേണ്ട രീതിയിലുള്ള സൂഷ്മത പുലർത്തുന്നതിൽ വിജയിച്ചില്ല എന്നതാണ്. സ്ത്രീവാദത്തിന്റെ പ്രധാന കണ്ടെത്തെലുകളിലൊന്നായ് നിരീക്ഷിക്കപ്പെടുന്നത് SEX ഉം GENDER ഉം തമ്മിലുള്ള വ്യത്യാസത്തെ കൃത്യമായ് നിർവ്വചിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. SEX എന്നത്‌ ജീവശാസ്ത്രപരവും GENDER സാമൂഹ്യപരവും സാംസ്കാരികപരവുമാണ് എന്ന യാഥാർത്ഥ്യമാണ്. ഉദാഹരണത്തിന് SEX അഥവാ സ്ത്രീയുടെ ലൈംഗികാസ്ഥിത്വം അത് ജൈവപരമായതു കൊണ്ടു തന്നെ മാറ്റത്തിനോ പുനർനിർണ്ണയത്തിനോ സാധ്യമല്ലാ‍ത്ത ഒന്നായ് നില നിൽക്കുന്നു. പ്രത്യുല്പാ‍ദനം മുലയൂട്ടൽ ഇതിനൊന്നും ബദലോ മോചനമോ  സ്ത്രീ ധർമ്മത്തിൽ സാധ്യമല്ല. എന്നാൽ GENDER എന്നത് ചരിത്രപരവും സാമൂഹ്യപരവുമായ നിർമ്മിതികളെ ആശ്രയിച്ചിരിക്കുന്നതായതുകൊണ്ട് തന്നെ ഇത് പരിവർത്തന വിധേയവും നിർണ്ണയപരവുമാണ്. GENDER നെയാണ് നാം സാസ്കാരികമായും രാഷ്ട്രീയമായും അഭിസംബോധനം ചെയ്യേണ്ടതും വിപ്ലവകരമായ് പരിവർത്തിപ്പിക്കാൻ ശ്രമിക്കേണ്ടതും. 'സീമോൺ ബൊവ്വെ' തന്റെ വിഖ്യാത ഗ്രന്ഥമായ സെക്കന്റ് സെക്സിൽ പറയുന്ന "സ്ത്രീ ജനിക്കുകയല്ല നിർമ്മിക്കപ്പെടുകയാണ്" എന്ന നിരീക്ഷണം ശ്രദ്ധേയമാവുന്നത് ഈ സാഹചര്യത്തിലാണ്. ഇപ്പോൾ കാണുന്ന ഒരു സ്ത്രീ അസ്ഥിത്വം ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥയിൽ രൂപം പ്രാപിച്ചതായതുകൊണ്ടു തന്നെ മാറുന്ന രാഷ്ട്രീയ സാമൂഹികാവസ്ഥക്ക് അനുസൃതമായ് പരിവർത്തിപ്പിക്കപ്പെടേണ്ടതും കൂടിയാണ്. ഉദാഹരണത്തിന് ഗോത്രസമൂഹത്തിൽ സ്ത്രീകളെ വളരെ അപ്രധാനമായി കരുതുകയും  പെൺകുട്ടിയുടെ ജനനം പോലും വലിയ രീതിയിലുള്ള  നാണക്കേട്  ആയി കരുതുകയും ചെയ്യുന്ന, പുരുഷന്റെ സംരക്ഷണയിൽ മാതാവ് എന്ന രീതിയിൽ മാത്രം സ്ത്രീ അസ്ഥിത്വം നിലനിൽക്കുകയും ചെയ്യുകയും,  കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും പുരുഷനാണ് എന്ന് വിശ്വസിച്ച് പോരുകയും ചെയ്തിരുന്ന ഒരു സമൂഹം ഇന്ന്‌ നില നില്ക്കുന്നത് പുരുഷനോടൊപ്പം ജോലി ചെയ്യുകയും പിതാവിനെപ്പോലെത്തന്നെയോ അതിലുപരിയായോ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെയും മറ്റ് ഉത്തരവാദിത്തങ്ങളുടെയും ഭാഗമാകുകയും ചെയ്യുന്ന സ്ത്രീയെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്തവകാശം എന്ന മത നിയമം പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ മത ഗ്രന്ഥങ്ങളിലും മിത്തുകളിലുമെല്ലാം നില നില്ക്കുന്നത്‌ പുരുഷന്റെ ജീവിത വ്യവഹാരങ്ങളെ പുരുഷൻ ആഗ്രഹിക്കുന്ന രീതിയിൽ പൂർത്തീകരിക്കപ്പെടുന്നതിന്  സഹായം നല്‍കുന്നതും. ഒരു രീതിയിലുമുള്ള സ്വതന്ത്ര്യവും‌ അനുഭവിക്കാത്ത തീരെ അപ്രധാനമായതുമായ  ഒരു സ്ത്രീ സ്വത്വമാണ്. പാരമ്പര്യമായ് സത്രീക്ക് ഈ സ്വത്വം സംഭാവന ചെയ്യുന്നുണ്ട് നേരത്തെ സൂചിപ്പിച്ച പിതൃ കേന്ദ്രീകത മൂല്യ വ്യവസ്ഥ. ഇതിനെ ഏത് രീതിയിലാണ് ചോദ്യം ചെയ്യേണ്ടതും മാറുന്ന ചരിത്ര മണ്ഡലങ്ങളിലേക്ക് ക്രിയാത്മകവും പുരോഗനപരവുമായി പരിണാമപ്പെടുത്തേണ്ടതും എന്നതാണ് നമ്മുടെ മുമ്പിലുള്ള വലിയ വെല്ലുവിളികളിലൊന്ന്‌.
                 മലയാളീ സ്ത്രീയുടെ അസ്ഥിത്വം രൂപപ്പെടുന്നത് വോട്ടവകാശം, സ്വത്തവകാശം, അനുഷ്ഠാനപങ്കാളിത്തം തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയപരവും സാമൂഹികപരവുമായ വ്യവഹാരങ്ങളിലാണ്. വോട്ടവകാശം  അത് സാങ്കേതികമായും നിയമപരമായും സ്ഥാപിച്ചു കഴിഞ്ഞതാണ്. ഇനി അതിന് പരിമിതികൾ ഉണ്ടെങ്കിൽ തന്നെ അതു  മറികടക്കേണ്ടത്  വ്യവസ്ഥയുടെ നവോത്ഥാനത്തിലൂടെയും പരിമിതികളുടെ ബോധപൂർവ്വമായ പൂരിപ്പിക്കലുകളിലൂടെയുമാണ്. സ്വത്തവകാശത്തിൽ നില നിൽക്കുന്ന ഉച്ച നീചത്വങ്ങളെ മതനവോത്ഥാനത്തിലൂടെയും സ്റ്റേറ്റിന്റെ നിയമ നിർമ്മാണത്തിലൂടെയും മറികടക്കാൻ  കഴിയുന്നതാണ്. എന്നാൽ ഇതിൽ അവസാനത്തേത് (അനുഷ്ഠാനപങ്കാളിത്തം) പരിശോധന വിധേയമാക്കുകയാണെങ്കിൽ അത് കേരളീയ ജീവിതത്തിന്റെ വിശ്വാസ സംഹിതയും പരമ്പരാഗതമായ് തുടർന്നു വരുന്ന പ്രമാണങ്ങളുമായും തുല്യ രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. നമ്മുടെ ആചാരാനുഷ്ഠാനങ്ങളിൽ ചരിത്രപരമായും  മതബന്ധിയായും നിലനില്ക്കുന്ന സ്ത്രീ വിരുദ്ധതയുണ്ട് എന്നതിലുപരി  അത് അന്തർലീനമായ ഒരു പരമ്പരാഗത ബോധത്തിന്റെ ഭാഗമാണ് എന്നു വേണം കരുതാൻ. ഇതിന്റെ മാതൃകയായി നമുക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു സമൂഹ വ്യവഹാരമാണ് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണവുമായ് ബന്ധപ്പെട്ടു കിടക്കുന്ന പെണ്ണു കാണൽ ചടങ്ങ്. ഈ ഒരു ആചാരത്തിന്റെ രൂപവും സ്വഭാവവും പരിശോധിക്കുമ്പോൾ നമുക്ക് കാണാ‍ൻ കഴിയുന്ന ഒരു ദൃശ്യം  വരന്റെ പുരുഷ കുടുംബാംഗങ്ങളും പെണ്ണിന്റെ പുരുഷ കുടുംബാംഗങ്ങളും ഇരിക്കുന്ന  തീര്‍ത്തും പുരുഷാധിഷ്ടിതമായ ഒരിടത്ത് നാണം കുണുങ്ങിയായ , എല്ലാ രീതിയിലുമുള്ള കീഴാളത്ത സ്വഭാവഗുണങ്ങളോടും കൂടി നടന്നു വരുന്ന ഒരു പെണ്‍കുട്ടിയെയാണ്. ഇവിടെ വിപരീതമായ ഒരു ചിത്രത്തെക്കുറിച്ചൊന്നാലോചച്ചു നോക്കുക ഒരു ആണു കാണൽ ചടങ്ങ് ഒരിക്കലും സാധ്യതയില്ലാത്ത ഒരു സങ്ക‌ല്‌പമാണ്. എന്നാൽ എല്ലാ ആചാരാനുഷ്ടാനങ്ങളിലും സ്ത്രീക്കും പുരുഷനും സ്വതന്ത്രാസ്ഥിത്വത്തോടെ  നില്ക്കാനും ആർജ്ജവത്തോടെ സംവദിക്കാനുമുള്ള ഒരു സ്വതന്ത്രയിടം ഉണ്ടാകേണ്ട ആവശ്യകത ഈ ആധുനിക സമൂഹത്തില്‍ പോലും ചര്‍ച്ചക്ക്  വരുന്നില്ല  എന്നതാണ് ദുഖകരമായൊരു യാഥാർത്ഥ്യം.
                   നമ്മുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം  തന്നെ ഏതെങ്കിലും തരത്തിലുള്ള കലാപത്തിന്റെ അവശേഷിപ്പുകളാണ്. പുരുഷന്‍ മാത്രം  എല്ലാ രീതിയിലുമുള്ള മേല്‍ക്കോയ്മയോടു കൂടി ഇടപഴകിയിയിരുന്ന പൂർവ്വ ചരിത്രത്തിന്റെ  ബാ‍ക്കിയിരിപ്പുകളാണിതെല്ലാം എന്നാൽ ഈ കലാപത്തിന്റെ  ഉണർവ്വുകൾ ഇന്ന് സ്ത്രീകൾക്കും കൂടി അർഹതപ്പെട്ടതാണ്  എന്ന്‌ കരുതുകയും ആ‍ വിശ്വാസത്തിന്റെ ചരിത്രപരമായ മൂല്യങ്ങൾ പകർന്ന് നൽകുകയും ചെയ്യാൻ ഒരു സമൂഹം തയ്യാറാവുമ്പോൾ  മാത്രമെ ചരിത്രത്തിന്റെ വിട്ടു പോയ ഇടങ്ങളെ നമുക്ക് സമർത്ഥമായ് പൂരിപ്പിക്കാനാവൂ. അതുകൊണ്ട് തന്നെ ഈ ആചാരാനുഷ്ഠാനങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ ദൈന്യംദിന ജീവിതത്തിൽ റിച്വൽ‌സിനെ എങ്ങനെയാണ് നമുക്ക് മാറ്റാനാവുക എന്നതാണ്  നാം പരിശോധിക്കേണ്ടത്. നമ്മുടെ ഉത്സവങ്ങളെയും ആഘോഷങ്ങളെയും  ആചാരങ്ങളെയും സ്ത്രീക്ക്  അധികാരതുല്യമായ ഒരു പങ്കാളിത്തം പകര്‍ന്ന് കൊടുത്തുകൊണ്ട്  എങ്ങനെയാണ് നമുക്ക് പരിവർത്തിപ്പിക്കാനാവുക എന്നതാണ് നമ്മുടെ പരിഗണയിൽ പ്രധാനമായ് ഉയർന്നു വരേണ്ടത്.    
                        സ്ത്രീ എപ്പോഴും ചരിത്രപരമായ കീഴാളത്തം അനുഭവിക്കുന്നുണ്ട്. അത് നിർണ്ണയിക്കപ്പെടുന്ന മേഖലകൾ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ലൈംഗികപരവുമായ മേഖലകളിലാണ്. അതുകൊണ്ടു തന്നെ പുരുഷൻ കല്പിച്ചു കൊടുത്ത ഈ മേഖലകളിലെ അധീശത്വത്തെ മറികടക്കുന്നതിലൂടെ മാത്രമേ ഒരു സ്ത്രീക്ക് വിമോചനം സാധ്യമാകുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ആഗോളവത്കരണം ഒരു പരിധി വരെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ സ്ത്രീകളെ പര്യാപ്തമാക്കിയിട്ടുണ്ട്. കൂടി വരുന്ന വിവാഹമോചന നിരക്കുകൾ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അളവുകോൽ കൂടിയുമായ് നാം പരിഗണിക്കേണ്ടതുണ്ട്. കാരണം കുടുംബനാഥന്റെ ഏതു നേറികേടിനെയും നിലനില്പിന്റെ ഭാഗമായ് സഹിച്ചു പോന്ന സാമ്പത്തികാടിമത്വത്തിനെ തന്റെ സാമ്പത്തികപരമായ സ്വതന്ത്രാവസ്ഥ കൊണ്ട് ചോദ്യം ചെയ്യാനും തീരുമാനങ്ങളെടുക്കാനും സ്ത്രീ പ്രാപ്തമായ് എന്നതും കൂടി ഈ വിവാഹമോചന കണക്കുകളെ പരിഗണിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടതുണ്ട്. സാമ്പത്തികപരമായ് ഒരളവിൽ പിതൃകേന്ദ്രീകതമായ അധീശത്വത്ത മറികടക്കുമ്പോഴും ലൈംഗികപരമായ് നിർണ്ണയിക്കപ്പട്ട, അതായത് ലൈംഗികതയുടെ നിയന്ത്രണാധികാരം പുരുഷനിൽ നിന്ന് മോചിപ്പിക്കാൻ ഇപ്പോഴും സ്ത്രീക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. പുറത്ത് സർവ്വ സ്വതന്ത്രയായുള്ള സാമൂഹീകപ്രക്രിയകളിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീ,ഗൃഹത്തിൽ ഈ ലൈംഗികാടിമത്തത്തിൽ ആശ്വാസം കൊള്ളുകയും നേരത്തെ പറഞ്ഞ കീഴാളത്തം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. ഇത്‌ ചരിത്രപരമായ് നിർണ്ണയിക്കപ്പട്ട അധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഇതിനെ മറികടക്കാനോ പുനർ നിർണ്ണയത്തിന് വിധേയമാക്കാനോ ഇന്നും സ്ത്രീക്ക് കഴിഞ്ഞിട്ടില്ല എന്നത് സ്ത്രീ വിമോചനത്തിന്റെ മേഖലകളിൽ അവർക്ക് പരിമിതി ഉണ്ടാക്കുന്നുണ്ട് എന്നു വേണം കരുതാൻ.
                   ലിംഗ നീതിക്കും സാമൂഹിക സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കിയെടുക്കുകയോ അത്തരം ചലനങ്ങളെ ശക്തിപ്പെടുത്താനുള്ള ധൈഷണിക ശ്രമങ്ങൾക്കും പ്രതിരോധ ശ്രമങ്ങൾക്കും ശക്തി പകരുകയോ ചെയ്യുക എന്നതാണ് സ്ത്രീ വിമോചനത്തിന്റെ സമര മുഖങ്ങളിൽ പുരോഗമന ചിന്തകൾക്ക് നിർവ്വഹിക്കാനുള്ള പങ്ക്. ഇതിന്റെ പ്രധാന പരിഗണകളിലൊന്നായ് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്, സർക്കാർ അല്ലെങ്കിൽ ഭരണവർഗ്ഗവുമായ് നേരിട്ട് പ്രതിരോധത്തിലേർപ്പെടുന്നതിനു മുമ്പ് പരിഗണനാവിധേയമാക്കേണ്ട മറ്റ് പുരുഷാ‍ധികാര ഇടങ്ങളാണ്. 30 ശതമാനം സ്ത്രീകൾ പാർലമെന്റിലോ നിയമ സഭയിലോ അല്ലെങ്കിൽ 50 ശതമാനം ഗ്രാമ പഞ്ചായത്തുകളിലോ സംവരണത്തിന്റെ ആനുകൂല്യത്തിൽ എത്തുന്നതിനു മുമ്പായ് ജനാധിപത്യവത്ക്കരിക്കപ്പെടേണ്ട ഇടങ്ങളാണ് കുടുംബവും, വിപണിയും ജോലിസ്ഥലങ്ങളുമെല്ലാം. കാരണം സ്ത്രീ നേരിട്ട് അതിക്രമവും, പീഡനവും, ലിംഗവിവേചനത്തിന്റെ രൂക്ഷാനുഭവങ്ങളും മറ്റ് പല രീതിയിലുമുള്ള  ചൂഷണങ്ങളെല്ലാം ഏറ്റുവാങ്ങുന്ന  സാമൂഹ്യ സ്ഥാപനങ്ങളാണ് ഇതെല്ലാം. സമകാലിക കേരളീയ സാഹചര്യത്തിൽ നിന്നും എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഈ കാര്യത്തില്‍ നമുക്ക്  നിഷ്പ്രയാസം കണ്ടെടുക്കാവുന്നതേ ഉള്ളൂ. ഈ സാമൂഹ്യ രാഷ്ട്രീയ സ്ഥലികളുടെ  ജനാധിപത്യവത്കരണത്തിൽ നിന്നും മാത്രമേ പാർലിമെന്റെറി അധികാരത്തെ കൃത്യമായ് ഉപയോഗിക്കാനുള്ള ആർജ്ജവത്തിലേക്ക് സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ഉണരാൻ സാധിക്കുകയുള്ളൂ..
                       സാമൂഹികവും രാഷ്ട്രീയപരവുമായ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ ഒട്ടാകെ നിർണ്ണയിക്കുന്നത് ആശയങ്ങൾ മാത്രമാണ് എന്നതാണ് നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളൂടെ ഒരു പ്രധാന പരിമിതി. സ്ത്രീ വിമോചന ശ്രമങ്ങളിൽ ആശയപരമായ് മുന്നോട്ട് പോകുമ്പോഴും നമ്മുടെ ശീലങ്ങളിലോ ദൈനംദിന വ്യവഹാരങ്ങളിലോ  അതിനനുസൃതമായ ഒരു    ജൈവ മാതൃക വികസിപ്പിച്ചു കൊണ്ടു വരാന്‍ എന്തു കൊണ്ടോ നമുക്ക് കഴിയാതെ പോകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ കുടുംബത്തെ പൂർണ്ണാർത്ഥത്തിൽ ജനാധിപത്യവത്കരിക്കാൻ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ്  ഈ ഒരവസ്ഥയുടെ മികച്ച ഉദാഹരണങ്ങളിലൊന്ന്. കുടുംബത്തിലെ അധികാര ബന്ധങ്ങൾ ഭർത്താവ്- ഭാര്യ - കുട്ടികൾ - ഗാർഹികത്തൊഴിലാളികൾ എന്ന രീതിയിൽ നില നിൽക്കുന്ന ശ്രേണീ ബന്ധത്തെ സാധൂകരിക്കുന്നതാണ്. ഈ ഒരു ശ്രേണീ ക്രമം  ഒരു പുരോഗമന വിരുദ്ധ മാതൃകയായ് നമുക്ക് വിലയിരുത്താനാവുന്നതാണ്. ഈ ഒരു ശ്രേണിയെ ക്രിയാത്മകമായും സാമൂഹിക നീതിക്കും ലിംഗസമത്വത്തിനും അനുസൃതമായും പരിവർത്തിപ്പിക്കുന്നതിലൂടെ മാത്രമേ മുകളിലുള്ള പിതൃ കേന്ദ്രീകൃതമായ അധികാരാവസ്ഥയെ മറികടക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
                 വ്യത്യസ്ഥ കാലഘട്ടങ്ങളിൽ കേരളത്തിൽ രൂപം കൊണ്ട സ്ത്രീ വാദങ്ങളെ പരിഗണിക്കുമ്പോൾ നമ്മുടെ തുടക്കങ്ങളിലെ സ്ത്രീവാദങ്ങളുടെ പ്രധാന പരിമിതിയായ് തോന്നുന്നത് അത് പ്രദേശത്തെയോ അതിന്റെ സാമൂഹിക പരിഗണകളെയോ തീരെ സംബോധനം ചെയ്യാനുതകുന്നതായിരുന്നില്ല എന്നതാണ്. പകരം യൂറോ കേന്ദ്രീകൃതവും അതേ സമയം  imperialistic സ്ത്രീവാദവുമായ്  ചില തരത്തിലെങ്കിലും ബന്ധപ്പെട്ടു കിടക്കുന്നതുമായിരുന്നു എന്നതാണ്.  ആ കാലഘട്ടത്തിലെ വ്യത്യസ്ത മത ജാതി സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ പരിഗണിക്കുന്നതിനു പകരം അതിന്റെ സംബോധനകൾ അഭിമുഖീകരിച്ചിരുന്നത് പ്രധാനമായും യൂറോപ്യൻ ആധുനികതയിൽ രൂപം കൊണ്ട സ്ത്രീകളുടെ പരിഗണനകളെയും പ്രശ്നങ്ങളെയുമാണ്. എന്നാൽ ഇന്ന് അത്തരത്തിലുള്ള ഏകാത്മകമായ ഒരു സ്ത്രീവാദത്തിന്റെ കെട്ട് തകരുകയും വ്യത്യസ്ഥ ഭൂമികയിലും സമൂഹത്തിലും മതത്തിലോ ജാതിയിലോ ഒക്കെ തന്നെയുമുള്ള സ്ത്രീ വിഭാഗങ്ങളുടെ പ്രശ്നങ്ങളെയും വിമോചനത്തെയും പ്രത്യേകമായ് അഭിസംബോധന ചെയ്യണ്ടതുമാണ് എന്ന ബോധ്യത്തിലേക്ക് നമ്മുടെ സ്ത്രീ രാഷ്‌ട്രീയം മാറിയിട്ടുണ്ട്. ഈ മേഖലയിൽ  ഒരു ബഹുത്വം തന്നെ രൂപപ്പെടുകയും നമ്മുടെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ഈ രീതിയിലേ വികസിക്കാനാവുകയുള്ളൂ എന്ന നിഗമനത്തിലേക്ക് എത്താനും ഈ മേഖലയിലെ ചിന്തകൾക്കും ചലനങ്ങൾക്കും കഴിഞ്ഞു എന്നതും കൂടി മറ്റൊരു പ്രത്യേകതയായി  മനസ്സിലാക്കേണ്ടതാണ്. ഇത്‌ മനസ്സിലാക്കുമ്പോഴും ഇത്തരത്തിൽ പ്രാദേശികമായും സാമൂഹികമായും രൂപപ്പെടുന്ന സ്ത്രീവാദങ്ങൾക്ക് ഒരു സമഗ്ര ദർശനത്തിന്റെ യുക്തി മുന്നോട്ടു വെക്കാനോ അതിന്റെ പ്രാദേശിക സാധ്യതകൾ ആരായാനോ അതിനെ ആഗോള രാഷ്ട്രീയത്തിന്റെ പ്രശ്നമണ്ഡലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാനോ സാധിക്കുന്നില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന പരിമിതി.
                        മുകളിൽ സൂചിപ്പിച്ച ചരിത്ര യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടും സാധ്യതകളുടെ രാഷ്ട്രീയത്തെ സമര്‍ത്ഥമായ് പരിവർത്തിപ്പിച്ചുകൊണ്ടും പരിമിതികളെ പുതിയ രാഷ്ട്രീയത്തിന്റെ പ്രശ്ന പരിഹാരങ്ങളുടെ സ്വപ്ന മണ്ഡലങ്ങളിലേക്ക് വിട്ടുകൊടുത്തും അതിലൂടെ  പൊതുബോധം രൂപപ്പെടുത്തിയും  മാത്രമേ സ്വതന്ത്രാസ്ഥിത്വമുള്ള മലയാളി സ്ത്രീ എന്ന സ്വപ്നത്തിലേക്ക് നമുക്ക് നടന്നടുക്കാനാവൂ.

Monday, January 12, 2009

ബഷീർ ജന്മശതാബ്ദി ആഘോഷങ്ങൾ മസ്കറ്റിൽ






കഥയിൽ മതിലുകളും പ്രേമലേഖനവും ജന്മദിനവും ശബ്ദങ്ങളും ഇല്ലായിരുന്നുവെങ്കിൽ, നോവലിൽ പാത്തുമ്മായുടെ ആടും ബാല്യകാലസഖിയും ന്റുപ്പുപ്പാക്കൊരാനണ്ടാർന്നും സ്ഥലപുരാണവും ഇല്ലായിരുന്നുവെങ്കിൽ, കവിതയിൽ അനർഘ നിമിഷവും സിനിമയിൽ ഭാർഗ്ഗവീനിലയവും ഇല്ലായിരുന്നുവെങ്കിൽ മലയാള സാഹിത്യത്തിനു നഷ്ടമാ‍വുന്നത് സ്വപ്നത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട സമഗ്ര ദർശന ഭാഗ്യമാവുമായിരുന്നു.

സാഹിത്യ പാരമ്പര്യങ്ങളൊന്നുമില്ലാത്ത, വലിയ പഠിപ്പില്ലാത്ത, ഭാഷ പരിജ്ഞാനമില്ലാത്ത ഒരു മനുഷ്യൻ വിശപ്പുകൊണ്ടും ഏകാന്തതകൊണ്ടും ഭ്രാന്തുകൊണ്ടും ധ്യാനം കൊണ്ടും സ്വപ്നസമ്പന്നമാക്കിയ അപൂർവ്വ ചരിത്രമാണ് മലയാള കഥയുടേത്. അനുഭവങ്ങൾക്ക് ഭാവനയുടെ നിറവും ജീവിതവും നൽകി മരുഭൂമിയുടെ കൂടാരങ്ങളിൽ പണ്ട് കഥ പറഞ്ഞിരുന്ന യാത്രികന്റെ ചാതുരി മാത്രമെ തനിക്കുള്ളൂ എന്ന് ബഷീർ വിശ്വസിച്ചിരുന്നു.

സഫലമായ ആ ജനനത്തിന്റെ നൂറാം പിറന്നാൾ പിന്നിടുന്ന ഈ അവസരത്തിൽ മസ്കറ്റും ഇവിടുത്തെ മലയാളി സമൂഹവും ആ സ്മരണയുടെ ദീപ്തി ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ്.


കേരളാ സാഹിത്യ അക്കാദമിയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് (കേരളാ വിങ്ങ്)ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ബഷീർ ജന്മശതാബ്ദി ആഘോഷങ്ങൾ 16/01/2009 വെള്ളിയാഴ്ച മസ്കറ്റ് , ദാർസയ്ത്ത് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

രാവിലെ 9 മണിക്ക് തുടങ്ങുന്ന സെമിനാറിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും പ്രമുഖ എഴുത്തുകാരനുമായ ശ്രീ കെ.ഇ. എൻ. കുഞ്ഞഹമ്മദ് മോഡറേറ്ററായിരിക്കും.

പങ്കെടുക്കുന്ന മറ്റുള്ളവർ:-

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
ഷാജഹാൻ മാടമ്പാട്ട്
വി. മുസഫർ അഹമ്മദ്
ജോയി മാത്യു
ഇ.എം. അഷ്‌റഫ്
എൻ.ടി. ബാലചന്ദ്രൻ
ആൽഫി ഹിഷാം

അവതരിപ്പിക്കുന്ന പേപ്പറുകൾ.

ബഷീർ എഴുത്തും ജീവിതവും
പ്രവാസിയായ ബഷീർ
ബഷീറിന്റെ സിനിമയും നാടകവും
ബഷീറിന്റെ മതവും ആത്മീയതയും
ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങൾ

സെമിനാറിനു ശേഷം ബഷീറിന്റെ ജീവിതത്തെ ആധാരമാക്കി എം.എ റഹ്‌മാൻ സംവിധാനം ചെയ്ത ‘BASHEER THE MAN' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ബഷീറിന്റെ മുഖ്യ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ‘മരുഭൂമികൾ പൂക്കുമ്പോൾ’ എന്ന സ്കിറ്റും ഉണ്ടായിരിക്കുന്നതാണ്.


വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സാസ്കാരിക മന്ത്രി എം.എ ബേബി ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖ എഴുത്തുകാരനും സാസ്കാരിക വിമർശകനുമായ പ്രൊഫ. സുകുമാർ അഴീക്കോട്, എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ ശ്രീ. എം. മുകുന്ദൻ, എഴുത്തുകാരായ ശ്രീ കെ.ഇ. എൻ. കുഞ്ഞഹമ്മദ്, ശ്രീ പുരുഷൻ കടലുണ്ടി തുടങ്ങിയവരും സംബന്ധിക്കും.

സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

00 968 99315034 / 99656896

Tuesday, September 2, 2008

കാരശ്ശേരി അത്രക്ക് സർവ്വ സമ്മതനാണോ?

മലയാളം ജൂൺ 2008 ലക്കത്തിൽ ശ്രീ എ.എം. ഷിനാസ് എഴുതിയ "സർവ്വ സമ്മതന്മാരെ സൂക്ഷിക്കുക" എന്ന ലേഖനവും ഇതിനോട് പ്രതികരിച്ചുകൊണ്ട് വിശാഖ് ശങ്കർ എഴുതിയ "അപനിർമ്മിതിയുടെ കാരശ്ശേരി പർവ്വം" എന്ന മറുപടി ലേഖനവുമാണ് ഈ കുറിപ്പിന്നാധാരം.


ഷിനാസിന്റെ ലേഖനം ഒറ്റ വായനയിൽ തന്നെ വലിയ കഴമ്പുള്ള ഒന്നാണെന്ന് തോന്നിയിരുന്നില്ല. എങ്കിലും അതിൽ ഉന്നയിച്ച ആരോപണങ്ങളും ഉപോത്ബലകമായി തേടിപ്പിടിച്ചു കൊണ്ടുവന്ന തെളിവുകളും പിന്നീട്‌ ലേഖനത്തിൽ സമർത്ഥമായി മറച്ചുപിടിക്കുന്ന കാര്യങ്ങളെയും ഒരു കൗതുകത്തിനു വേണ്ടി ഒന്നു കൂട്ടി വായിച്ചു നോക്കി. സ്വാഭാവികമായും അതിൽ പറയുന്ന ആരോപണങ്ങൾക്കൊന്നും യാതൊരടിസ്ഥാനവുമില്ല എന്ന ധാരണ ഒന്നു കൂടി ബലപ്പെട്ടു. ഈ കാര്യങ്ങളിൽ ചിലത്‌ പറയുന്നത്‌ വിശാഖിന്റെ ലേഖനത്തിൽ പറയുന്ന ഇത്തരം അപനിർമാണങ്ങൾക്ക്‌ പിന്നിലെ ദുരൂഹത ബോധ്യമാവാൻ ഉപകരിക്കും എന്നു തോന്നുന്നു.

കാരശ്ശേരിക്കെതിരായ ലേഖനത്തിൽ ഷിനാസുന്നയിക്കുന്ന പൊതു യുക്തി എന്താണെന്നു വെച്ചാൽ കാരശ്ശേരി സർവ്വസമ്മതനാണ്‌; സർവ്വസമ്മതന്മാരെ സംശയിക്കണം എന്നതാണ്‌. കാരശ്ശേരിയുടെ സർവ്വ സമ്മതിയിൽ പ്രധാനമായും ഊന്നിപ്പറഞ്ഞത്‌ കേരളത്തിലെ സി.പി. എമ്മിന്റെ കാര്യമാണ്‌. വിശാഖ്‌ ചൂണ്ടിക്കാട്ടിയ പി.കെ. പോക്കറുടെ കാരശ്ശേരി വിമർശനലേഖനങ്ങൾ തന്നെ ഈ ആരോപണത്തിൽ ഒരു അടിസ്ഥാനവൂമില്ല എന്നതിന്‌ തെളിവാണ്‌. വിശദ വായനക്ക്‌ ലിങ്ക്‌ ചുവടെ ചേർക്കുന്നു.









‘സംവാദത്തിന്റെ രാഷ്ട്രീയം‘ സാഹിത്യലോകം ജനുവരി ഏപ്രിൽ 2008














പിന്നീട്‌ പരാമർശിക്കപ്പെടുന്നത്‌ ജമഅത്തെ ഇസ്ലാമിയുടെ നേതാക്കന്മാരുമായുള്ള വ്യക്തി ബന്ധത്തിന്റെ കാര്യമാണ്‌. ഇവിടെ മനസ്സിലാവാത്ത ഒരു കാര്യം ഒരു സാമൂഹിക വ്യവഹാരത്തിന്റെ ഭാഗമായി ഏതു വ്യക്തിയും പിന്തുടരുന്ന സാധാരണ വ്യക്തി ബന്ധങ്ങൾ താൻ വിമർശിക്കുന്ന ആശയത്തിന്റെ ആളുകളെ സുഖിപ്പിക്കാനുള്ള തെളിവായി നിരത്തുന്നതിന്റെ യുക്തിയാണ്‌. ഒരാശയത്തെ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെ എതിർക്കുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്ന ഒരെഴുത്തുകാരൻ എതിർപ്പക്ഷത്ത്‌ നിലകൊള്ളുന്ന നാട്ടുകാരെനെയോ സഹപാഠിയെയോ വഴിയിൽ വെച്ചു കാണുമ്പോൾ കുശലം പറയുന്നത്‌ പ്രീണനമായി കാണുക. മിണ്ടാതെപോയാലൊ അയാളെ അസഹിഷ്ണുവും പിന്തിരിപ്പനുമാക്കി മൂലക്കിരുത്തുക. ഈ ഒരു സൗകര്യമാണ്‌ ഈ വ്യക്തി ബന്ധങ്ങളുടെ കാര്യത്തിൽ ഷിനാസ്‌ ഉപയോഗിച്ചത്‌ എന്നത്‌ പറയാതിരിക്കാൻ നിവൃത്തിയില്ല.


ചേകനൂർ കേസിന്റെ പശ്ചാത്തലം.

ഷിനാസിന്റെ ലേഖനത്തിൽ ഉന്നയിച്ച പ്രധാന ചോദ്യം ചേകനൂർ മൗലവി പ്രശ്നത്തിലെടുത്ത രചനാപരമായ രണോത്സുകത ജമാഅത്തെ ഇസ്ലാമിയോടും സി.പി.എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തോടും എന്തുകൊണ്ട്‌ എം. എൻ കാരശ്ശേരി കൈകൊള്ളുന്നില്ല എന്നതാണ്‌.

സി.പി. എമ്മിനെയും ജമാത്തെ ഇസ്ലാമിയെയും കാരശ്ശേരി വിമർശിച്ചതിന്‌ അടുത്തിട വന്ന ആനുകാലികങ്ങൾ വിശാഖിന്റെ ലേഖനത്തിൽ സൂചിപ്പിച്ചു കഴിഞ്ഞു. ഇനി ജമാഅത്തെ ഇസ്ലാമിയുടെ കാര്യം പരിശോധിക്കാം. ജമാത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയത്തോടും മത രാഷ്ട്ര വാദത്തോടും നിരന്തരമായി കലഹിക്കുകയും അതിന്റെ അപകടങ്ങളെ കേരളീയ മതേതര സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരികയും ചെയ്ത എഴുത്തുകാരാണ്‌ ശ്രീ ഹമീദ്‌ ചേന്നമംഗലുരും എം. എൻ. കാരശ്ശേരിയും. മറ്റൊരു എഴുത്തുകാരും ഈ പ്രശ്നത്തിൽ നിരന്തരമായും ഗൗരവമായും ഇത്തരത്തിലൊരു നിലപാട്‌ തുടർന്നു പോന്നതായി തോന്നുന്നില്ല. കാരശ്ശേരിയുടെ ജമാഅത്ത്‌ വിമർശനത്തിന്‌ എത്രവേണമെങ്കിലും തെളിവുകളാജറാക്കാം. ഓർമ്മയിലുള്ള ചിലത്‌, ഇസ്ലാമിക രാഷ്ട്രീയവും മുസ്ലിം രാഷ്ട്രീയവും (പച്ചക്കുതിര ഇസ്ലാം , മുസ്ലിം സ്പെഷ്യൽ ഇഷ്യു, കലാ കൗമുദി ഇന്റർവ്യൂ). മറ്റ്‌ ഒട്ടനവധി ലേഖനങ്ങളും പ്രസംഗങ്ങളും ടെലിവിഷൻ പരിപാടികളും സംവാദങ്ങളും. ഇതെല്ലാം അംഗീകരിച്ചു കൊണ്ട്‌ തന്നെ ഷിനാസ്‌ ചോദിക്കുന്നത്‌ ചേകനൂർ കേസിൽ കൈക്കൊണ്ട രണോത്സുകതയുടെ അളവ്‌ മാർക്ക്സിസ്റ്റ്‌ വിമർശനത്തിൽ കുറഞ്ഞുപോയതാണ്‌.

ഇതിൽ പറയാനുള്ളത്‌ രണ്ട്‌ കാര്യങ്ങളാണ്‌. അതിലൊന്ന് ചേകനൂർ മൗലവി കേസും മാർക്ക്സിസ്റ്റ്‌ വിമർശവും തമ്മിൽ ഒരു ഇഷ്യു ആവശ്യപ്പെടുന്ന ഇൻവോൾമെന്റിന്റെ അളവിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്‌ എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. രണ്ടിന്റെയും സാഹചര്യങ്ങൾ തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോൾ ഇത് മനസ്സിലാവും , സാമ്പ്രദായിക ഇസ്ലാമിക അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും യുക്തിയെയും പൊള്ളത്തരങ്ങളെയും ഖുറാന്റെ പഴഞ്ചൻ വ്യാഖ്യാനങ്ങൾക്ക്‌ പകരം പുതിയ വ്യാഖ്യാനങ്ങളുടെ പിൻബലത്തോടെ വിമർശിച്ച ആളായിരുന്നു ചേകനൂർ മൗലവി. അദ്ദേഹത്തിന്റെ പുതിയ വാദഗതികൾക്ക്‌ യുവാക്കളടക്കമുള്ള ചെറിയൊരു പറ്റത്തിന്‌ ആഭിമുഖ്യം തോന്നിത്തുടങ്ങിയ ഒരു സമയത്താണ്‌ പെട്ടെന്ന് അദ്ദേഹം ഭൂമുഖത്ത്‌ നിന്ന് അപ്രത്യക്ഷമാകുന്നത്‌. പിന്നീട്‌ നമ്മൾ കണ്ടത്‌ കേരളത്തിന്റെ സാംസ്കാരിക പൗരാവകാശ മണ്ഡലത്തിന്റെ അതിഭീകരമായ നിശബ്ദതയായിരുന്നു. ആറു മാസത്തോളം ഒരു ചെറിയ ലേഖനം പോലും ഒരു മുഖ്യധാരാ മാധ്യമത്തിലും വന്നില്ല. ഇതിന്റെ കാരണം വ്യക്തമാണ്‌. ചേകനൂർ മൗലവി വധിക്കപ്പെടുന്നത്‌ കൃത്യമായ ഒരു മതവിധിയുടെ അടിസ്ഥാനത്തിലായിരുന്നു. (ഇസ്ലാം മതത്തിൽ നിന്ന് പുറത്ത്‌ പോകുന്ന ആളെ(മുർത്തദ്ദ്‌) കൊന്നുകളയേണ്ടത്‌ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ്‌ എന്ന നിയമം). ഇതിനെ ആധുനിക സമൂഹത്തിന്റെ മുമ്പിൽ ചില കപടവ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ മയപ്പെടുത്തി പറയുമെങ്കിലും എല്ലാ മുഖ്യധാരാ ഇസ്ലാമിക സംഘടനകളും അടിസ്ഥാനപരമായി ഇതംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ വലിയ ഒരു വോട്ടു ബേങ്കുള്ള ഈ സമൂഹത്തെ പിണക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുകയില്ല. ഇഷ്യു എത്രമാത്രം പ്രാധാന്യമുള്ളതായാലും വെറും വിരലിലെണ്ണാവുന്ന നിർദ്ദോഷകരമായ പ്രതികരണങ്ങൾ മാത്രമാണ്‌ നമ്മുടെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്ന് ഈപ്രശ്നത്തിൽ ഉണ്ടായത്‌. ഈ ഒരു സമയത്താണ്‌ നിരന്തരം ഈ വിഷയത്തിൽ ഇടപെടുകയും ഇഷ്യു കേരള ചരിത്രത്തിലെ വലിയൊരു പൗരാവകാശ പോരാട്ടമാക്കി മാറ്റുകയും ചെയ്ത കാരശ്ശേരി മാഷുടെ പ്രസക്തി. ബി.ജെ.പി അടക്കമുള്ള എല്ലാ രാഷ്ട്രിയക്കക്ഷികളും കോമ്പ്രൈമൈസ്‌ ചെയ്ത, എല്ലാ മുസ്ലിം സംഘടനകളും എതിർപ്പക്ഷത്ത്‌ നിലയുറപ്പിച്ച ഒരു സാഹചര്യത്തിൽ ആ ഇഷ്യു ഏറ്റെടുത്ത്‌ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തത്‌ ഏത്‌ സർവ്വസമ്മതിക്ക്‌ വേണ്ടിയായിരുന്നു?.

ഇന്ന് മാർക്ക്സിസ്റ്റ്‌ പാർട്ടിയുടെ പ്രീണന രാഷ്ട്രീയത്തെയും വലതുപക്ഷ വ്യതിയാനത്തെയും വിമർശിക്കുന്ന ഒരു വലിയ മാധ്യമങ്ങളും എഴുത്തുകാരും അടങ്ങുന്ന വലിയ നിരതന്നെയുണ്ട്‌. അതുപോലെ ജമാഅത്തെ ഇസ്ലാമിയുടെതടക്കമുള്ള മത വർഗ്ഗീയ രാഷ്ട്രീയത്തെയും എതിർക്കുന്ന ഒട്ടേറെ ബുദ്ധിജീവികളും എഴുത്തുകാരും ഉണ്ട്‌. ഇവർ ഇത്തരം പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു ചേകനൂർ കേസിന്റെ പശ്ചാതതലം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും തുറന്നു പറഞ്ഞതിന്റെ പേരിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ചേകനൂർ മൗലവിക്ക്‌ വേണ്ടിയോ. അതിന്‌ കാരണമായ അങ്ങേ അറ്റം മനുഷ്യത്വ വിരുദ്ധവും അപകടകരവുമായ മതവിധിക്കെതിരെ ശബ്ദിക്കുന്ന കാര്യത്തിലോ തികഞ്ഞ നിസ്സംഗതയാണ്‌ അന്ന് ഇപ്പറഞ്ഞ എഴുത്തുകാരോ ബുദ്ധിജീവികളോ കാണിച്ചത്‌(ചില ലേഖനത്തിലെ നാമമാത്ര പരാമർശങ്ങൾ ഒഴിച്ചു നിർത്തിയാൽ). ഈ സമയത്ത്‌ ചോദിക്കാനുള്ളത്‌ ഷിനാസ്‌ ചോദിച്ചതിന്റെ മറുചോദ്യമാണ്‌. മാക്സിസ്റ്റ്‌ വിമർശനത്തിൽ കാണിക്കുന്ന രണോത്സുകത ചേകനൂർ പ്രശ്നത്തിൽ എന്തുകൊണ്ട്‌ ഇവരാരും ഏടുത്തു കണ്ടില്ല?.

ഇനി രണ്ടാമത്തെക്കാര്യം, ഒരു പ്രശ്നത്തിൽ ഒരാൾ ശക്തമായ നിലപാട്‌ കൈക്കൊള്ളുകയും അത്‌ കേരളീയ മനുഷ്യാവകാശ പ്രവർത്തകരുടെ വളരെ വലിയ പോരാട്ടമാക്കി മാറ്റുകയും ചെയ്തതുകൊണ്ട്‌ (പരമ്പാരാഗത മതാനുഷ്ഠാനങ്ങളെയും നിയമങ്ങളെയും വിമർശിച്ചതിന്റെ പേരിൽ മൃതദേഹം പോലും കിട്ടാത്ത രീതിയിൽ നാമാവശേഷമാക്കിയ ഒരു പാവം മൗലവിക്കു വേണ്ടി ആരും ശബ്ദിക്കാനില്ലാത്ത സാഹചര്യത്തിൽ) അതേ അളവിലും രൂപത്തിലും മറ്റ്‌ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളിലും അയാൾ ഇടപെടണം എന്നു ശഠിക്കുന്നത്‌ എന്ത്‌ ന്യായമാണ്‌? ഈ ഒരു കാരണം കൊണ്ട്‌ സംശയത്തിന്റെ നിഴലിൽ നിർത്തി കശാപ്പ്‌ ചെയ്യുകയും എന്നിട്ട്‌ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ ക്രെഡിബിലിറ്റിയെ ഇല്ലാതാക്കുകയും ചെയ്യുന്നത്‌ പ്രത്യക്ഷത്തിൽ ആരെ സഹായിക്കാനാണ്‌ എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാവും.

ഇനി ഷാബാനൂ കേസിന്റെയും ശരീഅത്ത്‌ വിമർശനത്തിന്റെയും കാര്യം എടുത്തു നോക്കാം. മുസ്ലിം സ്ത്രീ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട്‌ എഴുതിയ ഉമ്മമാർക്കു വേണ്ടി ഒരു സങ്കട ഹരജി മുതൽ ഒട്ടേറെ ലേഖനങ്ങൾ കാരശ്ശേരിയുടെതായിട്ട്‌ ഈ പ്രശ്നങ്ങളിൽ വന്നിട്ടുണ്ട്‌. ശരീഅത്ത്‌ വിമർശനത്തിന്റെ അടിസ്ഥാനമെന്താണെന്നു വച്ചാൽ എല്ലാ മത നിയമങ്ങളും കാലത്തിനും ദേശത്തിനും അനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതാണ്‌ എന്ന വാദമാണ്‌. എന്നാൽ ശരീഅത്ത്‌ നിയമങ്ങൾ ദൈവത്തിന്റെതാണെന്നും അത്‌ എല്ലാ കാലത്തേക്കുമുള്ളതാണന്നും അതുകൊണ്ടു തന്നെ അത്‌ മാറ്റാനോ വിമർശിക്കാനോ മനുഷ്യർക്ക്‌ അധികാരമില്ല എന്നതാണ്‌ എല്ലാ മുസ്ലിം സംഘടനകളുടെയും വാദം. അപ്പോൾ മുസ്ലിം സംഘടനകൾക്ക്‌ കാരശ്ശേരി സമ്മതനാവാൻ നിർവ്വാഹമില്ല.

ഇത്രയും കാര്യങ്ങൾ പരിഗണിക്കുമ്പോൾ വിശാഖ്‌ സൂചിപ്പിച്ചപോലെ ഈ അപനിർമ്മാണത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതു തന്നെ.

Saturday, September 22, 2007

ആമുഖം

തികച്ചും ഏകാന്തമായ നേരങ്ങളിലാണ്‌ ഞാനെപ്പോഴും എന്നെ അടുത്തറിയാന്‍ ശ്രമിക്കാറ്‌. പിറകോട്ടു സഞ്ചരിക്കുമ്പോള്‍ കാണുന്ന ദൃശ്യങ്ങളെ ഏതെങ്കിലും സ്വകാര്യവും സ്വതന്ത്രവുമായ ഒരിടത്തുനിന്നും യാതൊരു മുന്‍വിധികളുമില്ലാതെ നോക്കിക്കാണുന്നതിന്റെ ഉദ്ദേശ്യം സഞ്ചരിച്ച കാലത്തെ അറിവിന്റെ പരിമിതികളിലൂടെയും സ്വതസിദ്ധമായ ദൗര്‍ബല്യങ്ങളെ കഴിയും വിധം മാറ്റിനിര്‍ത്തിക്കൊണ്ടും അറിയാന്‍ ശ്രമിക്കുക എന്നത് തന്നെയാണ്‌.

പലപ്പോഴും അലോചനയില്‍ കടന്നു വരാറുള്ള ഒരു കാര്യം. ഇന്ന് ഈ സമയം ഇവിടെ നില്‍ക്കുന്ന എന്റെ അസ്ഥിത്വത്തെക്കുറിച്ചു തന്നെയാണ്‌, എന്റെ ചിന്തകള്‍, മതം, എന്നിലലിഞ്ഞു ചേര്‍ന്ന ഭൂതത്തിന്റെ മായാമുദ്രകള്‍ ഇതല്ലാം നിഗൂഡമായ ഒരനുപാതത്തില്‍ കൂടിച്ചേര്‍ന്ന് ഞാന്‍ രൂപപ്പെട്ട ഒരു നീണ്ട പരിണാമത്തെക്കുറിച്ച്‌. മാറിയും മറിഞ്ഞും വരുന്ന കാലാവസ്ഥയില്‍, പ്രക്ഷുബ്ദമായ ഒരു കടലില്‍ ആടിയുലഞ്ഞും വഴിമാറിയും സഞ്ചരിക്കുന്ന കപ്പല്‍ പോലെയുള്ള ഒരു മനസ്സിന്‌ അസ്വാഭാവികമായ കുതിപ്പുകളേറെയായിരിക്കും. ഒരിടത്തും ഉറച്ച്‌ നില്‌ക്കാന്‍ കഴിയാതെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന വിഭ്രാത്മകതകള്‍ രൂപെപ്പെട്ടതിന്റെ കാരണമെന്താവും? ആ ഒരന്വേഷണം പലപ്പോഴുമെത്തി നില്‍ക്കുന്നത്‌ സര്‍വ്വജ്ഞാനങ്ങള്‍ക്കും അപ്പുറത്ത്‌ മൂടിക്കിടക്കുന്ന ഒരു മഹാസത്യത്തിന്റെ സാധ്യത ജീവിതത്തിലുടനീളം അവശേഷിപ്പിക്കുന്ന ഭയത്തില്‍ തന്നെയാണ്‌ .

"My Apology About this Book" എന്ന തന്റെ ആത്മകഥയുടെ ആമുഖത്തില്‍ ബര്‍ണാഡ്‌ഷാ സൂചിപ്പിക്കുന്നത് പോലെ ഒരേ കാലഘട്ടത്തില്‍ ജീവിക്കുന്ന ശരാശരി മനുഷ്യരുടെയെല്ലാം അനുഭവങ്ങളും സമാന സ്വഭാവമുള്ളവയായിരിക്കും. അതുകൊണ്ട് തന്നെ മറ്റാരെപ്പോലെയും എന്റെ അറിവുകള്‍ക്കും ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിമിത്തമായിത്തീര്‍ന്ന പ്രധാന ഘടകങ്ങളായി ഞാന്‍ വിചാരിക്കുന്നത് ആഴത്തില്‍ സ്പര്‍ശിച്ച അനുഭവങ്ങള്‍, എന്റെ എക്കാലത്തേയും അഹങ്കാരമായ്‌ ഞാന്‍ കൊണ്ടു നടക്കുന്ന ചെങ്ങാത്തങ്ങള്‍, അവരുമായ്‌ നടത്തിയതും നടന്നുകൊണ്ടിരിക്കുന്നതുമായ കലഹങ്ങള്‍ പങ്കുവെക്കലുകള്‍. ദൂരെ നിന്നോ അടുത്തുനിന്നോ ഒക്കെയായ്‌ എന്നെ സ്വാധീനിച്ച വ്യക്തികള്‍, യാത്രകള്‍, സംഭാഷണങ്ങള്‍, ഏറ്റവും സ്വകാര്യവും വൈയക്തികവുമായ എന്റെ വായനാനുഭവങ്ങള്‍. ഞാന്‍ കടന്നുപോകുന്ന വഴികളിലെ പ്രത്യാക്ഷവും പരോക്ഷവുമായ കാഴ്ചകള്‍ എന്നിവയൊക്കെത്തന്നെയാണ്‌. ഒരു വ്യക്തിയെ രൂപെപ്പെടുത്തിയ, ഒരു ചിന്തയ്ക്കോ, കാഴ്ചപ്പാടിനോ ഒക്കെ കാരണമായിത്തീര്‍ന്ന അത്തരം ഘടകങ്ങളില്‍ നിന്ന് പ്രസക്തമെന്ന് തോന്നുന്ന ചിലത്‌ പങ്കുവെക്കുക എന്നതാണ്‌ എന്റെ ഈ പുതിയ ബ്ലോഗിന്റെ ഉദ്ദേശ്യം. സൂചിപ്പിക്കപ്പെട്ട എല്ലാ പരിമിതികളോടും കൂടി മാത്രമേ ഇത് വായിക്കാവൂ എന്നതാണ്‌ എന്റെ ഒരപേക്ഷ.