Wednesday, February 4, 2015

സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഉള്ളിടങ്ങൾ


വീട്ടമ്മ എന്ന പരികല്പനയിൽ നിന്ന് കേരള സ്ത്രീ പൊതു മണ്ഡലത്തിൽ വ്യത്യസ്ത രീതിയിൽ ദൃശ്യതയിലേക്ക് വന്നു കൊണ്ടിരിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഗൃഹസ്ഥ എന്ന പുരുഷൻ കല്പിച്ചേകിയ  ഒരു വ്യക്തിത്വവും വീടും,അടുക്കളയും എന്ന   എന്ന് പിതൃ കേന്ദ്രീകൃതമായ മൂല്യ വ്യവസ്ഥ പകർന്നു നല്കിയ  ഭൂമികയിൽ നിൽക്കുന്ന ഒരസ്ഥിത്വമുണ്ട് സ്ത്രീക്ക്‌. ഇത് അതിലംഘിച്ചു കൊണ്ടു കേരള സ്ത്രീ വ്യത്യസ്ത ചരിത്ര സന്ദർഭങ്ങളിൽ പുറത്തേക്ക് കടക്കുന്നതാണ് സമകാലിക സ്ത്രീ അവസ്ഥയിലെ ആശാവഹമായ ഒരു കാര്യം. വ്യത്യസ്ഥ സാഹചര്യത്തിൽ നിന്നു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചില ഉദാഹരണങ്ങൾ പരിഗണിക്കുകയാണങ്കിൽ ഒന്ന്‌ കേരളത്തിലെ പാർശ്വവത്കൃത സമൂഹങ്ങളായ ആദിവാസി ദളിത് സമൂഹങ്ങൾ ഭൂമിയുടെ അവകാശത്തിനു വേണ്ടി നടത്തിയ ഭൂസമരങ്ങളിൽ മുമ്പെങ്ങുമില്ലാ‍ത്ത രീതിയിൽ അതിശക്തമായ് പ്രത്യക്ഷപ്പെടുന്ന സ്ത്രീ സാന്നിദ്ധ്യമാണ്.  മുത്തങ്ങയിലും ചെങ്ങറയിലുമെല്ലാം ഈ ഒരു സ്ത്രീ സാന്നിദ്ധ്യം മുഖ്യധാരാ മാധ്യമങ്ങളിലൂടെ  പോലും മലയാളിക്കു മുമ്പിൽ പ്രത്യക്ഷമായതാണ് . ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ സ്ഫോടനാത്മകമായ് സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന മുത്തങ്ങ സമരം നയിച്ച ജാനു തന്നെയാണ് ഈ ഒരാർജ്ജവത്തിന്റെ പ്രതീകങ്ങളിലൊന്ന്. വർഷങ്ങളായ് അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ഒരു  സ്വത്വ വിഭാഗത്തിനെ അവകാശബോധത്തിന്റെയും, സമരത്തിന്റെ സാധ്യതയുടെയും സ്വപ്നങ്ങളിലേക്ക് പരിവർത്തിപ്പിച്ചു എന്നതാണ് ജാനു എന്ന ആദിവാസി നേതാവിന്റെ വലിയ സംഭാവനകളിലൊന്ന്‌. അതുപോലെ ഇരുട്ടിന്റെ മറവിൽ നിന്ന് കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങളെ സ്വന്തം അനുഭവത്തിലൂടെയും അതിന്റെ പ്രശ്ന പരിസരങ്ങളിലൂടെയും  ഭാ‍വിയിൽ അത് നിർമ്മിക്കാ‍ൻ സാധ്യതയുള്ള പ്രതിരോധത്തിന്റെ  രാഷ്ട്രീയത്തെയും കുറിച്ചുള്ള ആഗ്രഹങ്ങളെ ദൃശ്യതയിലേക്ക് കൊണ്ടുവരുന്നതാണ് അപൂർണ്ണമെങ്കിലും ആദ്യ ശ്രമം എന്ന നിലയില്‍ നളിനി ജമീലയുടെ ശ്രമങ്ങളെ നാം തിരിച്ചറിയേണ്ടത്. എന്നാൽ നമുക്കു മുമ്പിൽ പ്രത്യക്ഷമായ മറ്റു ചില ഉദാഹരണങ്ങൾ പരിശോധിക്കുകയാണെങ്കിൽ  പുരുഷനോടൊപ്പം നിൽക്കുന്ന അല്ലെങ്കിൽ പുരുഷനെ വെല്ലുന്ന രീതിയിൽ ബസ്സ് ഓടിക്കുന്ന സ്ത്രീ, തെങ്ങു കയറുന്ന സ്ത്രീ തൊഴിലാളി, ഇറച്ചിക്കട നടത്തുന്ന വയനാട്ടിലെ മുസ്ലിം സ്ത്രീ തുടങ്ങിയ സ്ത്രീ  പ്രതിനിധാനങ്ങള്‍ സമൂഹത്തിന്റെ മുമ്പിലേക്ക് നമ്മുടെ മാധ്യമങ്ങൾ വഴി ദൃശ്യതയിലേക്ക് വരുമ്പോൾ, അല്ലെങ്കിൽ ഒരു കൌതുകം എന്ന രീതിയിൽ അവതരിക്കപ്പെടുമ്പോൾ നമുക്കു ബോധ്യം വരുന്ന കാര്യം അവകാശ ബോധത്തേക്കാൾ ഈ വെളിപ്പെടൽ അതിജീവനവുമായ് ബന്ധപ്പെടുന്നു എന്നതാണ്. കാരണം മുകളിൽ പറഞ്ഞ എല്ലാറ്റിനെയും പിന്‍‌തള്ളിക്കൊണ്ട് വരുന്ന പിന്നാമ്പുറങ്ങളിൽ  ഉയർന്നു നിൽക്കുന്ന യാഥാർത്ഥ്യങ്ങൾ  പരിശോധിക്കുമ്പോൾ അത് നമ്മെ കൂടുതൽ ബോധ്യപ്പെടുത്തുന്നത് ഈ ദൃശ്യത മറ്റെന്തിനേക്കാളുമുപരി അതിജീവനവുമാ‍യ് ബന്ധപ്പെടുന്നു എന്നതാണ്.
                സമകാലിക ഇന്ത്യൻ സ്ത്രീ പ്രതിരോധങ്ങളെ  പരിഗണിക്കുമ്പോൾ നമ്മുടെ മുമ്പിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന രണ്ടു പേരുകളാണ് മേധാ പട്ക്കർ അരുന്ധതി റോയ് എന്നിവർ.  സ്ത്രീ  എന്ന പരികല്പനയെ, പ്രകൃതി അഥവാ പരിസ്ഥിതി തുടങ്ങിയ മനുഷ്യ വർഗ്ഗത്തിന്റെ നിലനില്പിനെയും പരസ്പരാശ്രയത്തവും  ജൈവ നൈരന്തര്യവും ഉൾപ്പെടുന്ന  സമഗ്രവും നീതിയുക്തവുമായ  സാമൂഹ്യദർശനങ്ങളിലേക്ക്   കൊണ്ടുവന്നു.   ഇങ്ങിനെ കൊണ്ടു വരുന്നതിലൂടെ വിശാല ജൈവ മണ്ഡലത്തിന്റെ ഭാഗമായ് ഈ രണ്ട് പ്രതിനിധാനങ്ങളെയും മുന്നോട്ടു വെച്ചുകൊണ്ടുള്ള പരിസ്ഥിതി ബന്ധിതവും അതേ സമയം  നില നില്പ് രാഷ്ട്രീയത്തിന്റെ സാധ്യതകളും ഊൾപ്പെടുന്ന സമര മുഖങ്ങൾ ഇന്ത്യയിലുടനീളം വ്യാപിച്ചു കടക്കുന്ന ഒട്ടനവധി  ഗ്രാമീണ  സമരമുഖങ്ങളിളിലേക്ക് പകർന്നു നൽകാൻ  കഴിഞ്ഞു എന്നതാണ്  അകിലേന്ത്യാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇവരുടെ വലിയ സംഭാവനകളിലൊന്ന്. ഈ ഒരു ചിന്തയുടെയും വാദത്തിന്റെയും അലയൊലികൾ നിലനില്പുമായ് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സമര രൂപങ്ങളെയും ഏതങ്കിലുമർത്ഥത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സ്ത്രീ പ്രകൃതിയാണന്നു കരുതുകയും പരിസ്ഥിതി നില നില നില്പ് തുടങ്ങിയ മൂല്യങ്ങൾ പ്രകൃതിയുടെ ഭാഗമാണന്ന് കരുതുകയും ചെയ്യുന്ന ഒരു ദർശനത്തിന്റെ ഭാഗമായാണ് നാം ഇതിനെ തിരിച്ചറിയേണ്ടത്.
                    കേരളീയ സ്ത്രീ അവസ്ഥയെ വിശകലനം ചെയ്യുമ്പോൾ വളരെ പ്രധാനമായ് തോന്നുന്ന ഒരു വസ്തുത sex, gender എന്നീ രണ്ട് സംജ്ഞകളെ സംബോധനം ചെയ്യുന്നതിൽ സ്ത്രീപക്ഷ പ്രസ്ഥാനങ്ങൾ ഉൾപടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ വേണ്ട രീതിയിലുള്ള സൂഷ്മത പുലർത്തുന്നതിൽ വിജയിച്ചില്ല എന്നതാണ്. സ്ത്രീവാദത്തിന്റെ പ്രധാന കണ്ടെത്തെലുകളിലൊന്നായ് നിരീക്ഷിക്കപ്പെടുന്നത് SEX ഉം GENDER ഉം തമ്മിലുള്ള വ്യത്യാസത്തെ കൃത്യമായ് നിർവ്വചിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. SEX എന്നത്‌ ജീവശാസ്ത്രപരവും GENDER സാമൂഹ്യപരവും സാംസ്കാരികപരവുമാണ് എന്ന യാഥാർത്ഥ്യമാണ്. ഉദാഹരണത്തിന് SEX അഥവാ സ്ത്രീയുടെ ലൈംഗികാസ്ഥിത്വം അത് ജൈവപരമായതു കൊണ്ടു തന്നെ മാറ്റത്തിനോ പുനർനിർണ്ണയത്തിനോ സാധ്യമല്ലാ‍ത്ത ഒന്നായ് നില നിൽക്കുന്നു. പ്രത്യുല്പാ‍ദനം മുലയൂട്ടൽ ഇതിനൊന്നും ബദലോ മോചനമോ  സ്ത്രീ ധർമ്മത്തിൽ സാധ്യമല്ല. എന്നാൽ GENDER എന്നത് ചരിത്രപരവും സാമൂഹ്യപരവുമായ നിർമ്മിതികളെ ആശ്രയിച്ചിരിക്കുന്നതായതുകൊണ്ട് തന്നെ ഇത് പരിവർത്തന വിധേയവും നിർണ്ണയപരവുമാണ്. GENDER നെയാണ് നാം സാസ്കാരികമായും രാഷ്ട്രീയമായും അഭിസംബോധനം ചെയ്യേണ്ടതും വിപ്ലവകരമായ് പരിവർത്തിപ്പിക്കാൻ ശ്രമിക്കേണ്ടതും. 'സീമോൺ ബൊവ്വെ' തന്റെ വിഖ്യാത ഗ്രന്ഥമായ സെക്കന്റ് സെക്സിൽ പറയുന്ന "സ്ത്രീ ജനിക്കുകയല്ല നിർമ്മിക്കപ്പെടുകയാണ്" എന്ന നിരീക്ഷണം ശ്രദ്ധേയമാവുന്നത് ഈ സാഹചര്യത്തിലാണ്. ഇപ്പോൾ കാണുന്ന ഒരു സ്ത്രീ അസ്ഥിത്വം ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥയിൽ രൂപം പ്രാപിച്ചതായതുകൊണ്ടു തന്നെ മാറുന്ന രാഷ്ട്രീയ സാമൂഹികാവസ്ഥക്ക് അനുസൃതമായ് പരിവർത്തിപ്പിക്കപ്പെടേണ്ടതും കൂടിയാണ്. ഉദാഹരണത്തിന് ഗോത്രസമൂഹത്തിൽ സ്ത്രീകളെ വളരെ അപ്രധാനമായി കരുതുകയും  പെൺകുട്ടിയുടെ ജനനം പോലും വലിയ രീതിയിലുള്ള  നാണക്കേട്  ആയി കരുതുകയും ചെയ്യുന്ന, പുരുഷന്റെ സംരക്ഷണയിൽ മാതാവ് എന്ന രീതിയിൽ മാത്രം സ്ത്രീ അസ്ഥിത്വം നിലനിൽക്കുകയും ചെയ്യുകയും,  കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും പുരുഷനാണ് എന്ന് വിശ്വസിച്ച് പോരുകയും ചെയ്തിരുന്ന ഒരു സമൂഹം ഇന്ന്‌ നില നില്ക്കുന്നത് പുരുഷനോടൊപ്പം ജോലി ചെയ്യുകയും പിതാവിനെപ്പോലെത്തന്നെയോ അതിലുപരിയായോ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെയും മറ്റ് ഉത്തരവാദിത്തങ്ങളുടെയും ഭാഗമാകുകയും ചെയ്യുന്ന സ്ത്രീയെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്തവകാശം എന്ന മത നിയമം പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ മത ഗ്രന്ഥങ്ങളിലും മിത്തുകളിലുമെല്ലാം നില നില്ക്കുന്നത്‌ പുരുഷന്റെ ജീവിത വ്യവഹാരങ്ങളെ പുരുഷൻ ആഗ്രഹിക്കുന്ന രീതിയിൽ പൂർത്തീകരിക്കപ്പെടുന്നതിന്  സഹായം നല്‍കുന്നതും. ഒരു രീതിയിലുമുള്ള സ്വതന്ത്ര്യവും‌ അനുഭവിക്കാത്ത തീരെ അപ്രധാനമായതുമായ  ഒരു സ്ത്രീ സ്വത്വമാണ്. പാരമ്പര്യമായ് സത്രീക്ക് ഈ സ്വത്വം സംഭാവന ചെയ്യുന്നുണ്ട് നേരത്തെ സൂചിപ്പിച്ച പിതൃ കേന്ദ്രീകത മൂല്യ വ്യവസ്ഥ. ഇതിനെ ഏത് രീതിയിലാണ് ചോദ്യം ചെയ്യേണ്ടതും മാറുന്ന ചരിത്ര മണ്ഡലങ്ങളിലേക്ക് ക്രിയാത്മകവും പുരോഗനപരവുമായി പരിണാമപ്പെടുത്തേണ്ടതും എന്നതാണ് നമ്മുടെ മുമ്പിലുള്ള വലിയ വെല്ലുവിളികളിലൊന്ന്‌.
                 മലയാളീ സ്ത്രീയുടെ അസ്ഥിത്വം രൂപപ്പെടുന്നത് വോട്ടവകാശം, സ്വത്തവകാശം, അനുഷ്ഠാനപങ്കാളിത്തം തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയപരവും സാമൂഹികപരവുമായ വ്യവഹാരങ്ങളിലാണ്. വോട്ടവകാശം  അത് സാങ്കേതികമായും നിയമപരമായും സ്ഥാപിച്ചു കഴിഞ്ഞതാണ്. ഇനി അതിന് പരിമിതികൾ ഉണ്ടെങ്കിൽ തന്നെ അതു  മറികടക്കേണ്ടത്  വ്യവസ്ഥയുടെ നവോത്ഥാനത്തിലൂടെയും പരിമിതികളുടെ ബോധപൂർവ്വമായ പൂരിപ്പിക്കലുകളിലൂടെയുമാണ്. സ്വത്തവകാശത്തിൽ നില നിൽക്കുന്ന ഉച്ച നീചത്വങ്ങളെ മതനവോത്ഥാനത്തിലൂടെയും സ്റ്റേറ്റിന്റെ നിയമ നിർമ്മാണത്തിലൂടെയും മറികടക്കാൻ  കഴിയുന്നതാണ്. എന്നാൽ ഇതിൽ അവസാനത്തേത് (അനുഷ്ഠാനപങ്കാളിത്തം) പരിശോധന വിധേയമാക്കുകയാണെങ്കിൽ അത് കേരളീയ ജീവിതത്തിന്റെ വിശ്വാസ സംഹിതയും പരമ്പരാഗതമായ് തുടർന്നു വരുന്ന പ്രമാണങ്ങളുമായും തുല്യ രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. നമ്മുടെ ആചാരാനുഷ്ഠാനങ്ങളിൽ ചരിത്രപരമായും  മതബന്ധിയായും നിലനില്ക്കുന്ന സ്ത്രീ വിരുദ്ധതയുണ്ട് എന്നതിലുപരി  അത് അന്തർലീനമായ ഒരു പരമ്പരാഗത ബോധത്തിന്റെ ഭാഗമാണ് എന്നു വേണം കരുതാൻ. ഇതിന്റെ മാതൃകയായി നമുക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു സമൂഹ വ്യവഹാരമാണ് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണവുമായ് ബന്ധപ്പെട്ടു കിടക്കുന്ന പെണ്ണു കാണൽ ചടങ്ങ്. ഈ ഒരു ആചാരത്തിന്റെ രൂപവും സ്വഭാവവും പരിശോധിക്കുമ്പോൾ നമുക്ക് കാണാ‍ൻ കഴിയുന്ന ഒരു ദൃശ്യം  വരന്റെ പുരുഷ കുടുംബാംഗങ്ങളും പെണ്ണിന്റെ പുരുഷ കുടുംബാംഗങ്ങളും ഇരിക്കുന്ന  തീര്‍ത്തും പുരുഷാധിഷ്ടിതമായ ഒരിടത്ത് നാണം കുണുങ്ങിയായ , എല്ലാ രീതിയിലുമുള്ള കീഴാളത്ത സ്വഭാവഗുണങ്ങളോടും കൂടി നടന്നു വരുന്ന ഒരു പെണ്‍കുട്ടിയെയാണ്. ഇവിടെ വിപരീതമായ ഒരു ചിത്രത്തെക്കുറിച്ചൊന്നാലോചച്ചു നോക്കുക ഒരു ആണു കാണൽ ചടങ്ങ് ഒരിക്കലും സാധ്യതയില്ലാത്ത ഒരു സങ്ക‌ല്‌പമാണ്. എന്നാൽ എല്ലാ ആചാരാനുഷ്ടാനങ്ങളിലും സ്ത്രീക്കും പുരുഷനും സ്വതന്ത്രാസ്ഥിത്വത്തോടെ  നില്ക്കാനും ആർജ്ജവത്തോടെ സംവദിക്കാനുമുള്ള ഒരു സ്വതന്ത്രയിടം ഉണ്ടാകേണ്ട ആവശ്യകത ഈ ആധുനിക സമൂഹത്തില്‍ പോലും ചര്‍ച്ചക്ക്  വരുന്നില്ല  എന്നതാണ് ദുഖകരമായൊരു യാഥാർത്ഥ്യം.
                   നമ്മുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം  തന്നെ ഏതെങ്കിലും തരത്തിലുള്ള കലാപത്തിന്റെ അവശേഷിപ്പുകളാണ്. പുരുഷന്‍ മാത്രം  എല്ലാ രീതിയിലുമുള്ള മേല്‍ക്കോയ്മയോടു കൂടി ഇടപഴകിയിയിരുന്ന പൂർവ്വ ചരിത്രത്തിന്റെ  ബാ‍ക്കിയിരിപ്പുകളാണിതെല്ലാം എന്നാൽ ഈ കലാപത്തിന്റെ  ഉണർവ്വുകൾ ഇന്ന് സ്ത്രീകൾക്കും കൂടി അർഹതപ്പെട്ടതാണ്  എന്ന്‌ കരുതുകയും ആ‍ വിശ്വാസത്തിന്റെ ചരിത്രപരമായ മൂല്യങ്ങൾ പകർന്ന് നൽകുകയും ചെയ്യാൻ ഒരു സമൂഹം തയ്യാറാവുമ്പോൾ  മാത്രമെ ചരിത്രത്തിന്റെ വിട്ടു പോയ ഇടങ്ങളെ നമുക്ക് സമർത്ഥമായ് പൂരിപ്പിക്കാനാവൂ. അതുകൊണ്ട് തന്നെ ഈ ആചാരാനുഷ്ഠാനങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ ദൈന്യംദിന ജീവിതത്തിൽ റിച്വൽ‌സിനെ എങ്ങനെയാണ് നമുക്ക് മാറ്റാനാവുക എന്നതാണ്  നാം പരിശോധിക്കേണ്ടത്. നമ്മുടെ ഉത്സവങ്ങളെയും ആഘോഷങ്ങളെയും  ആചാരങ്ങളെയും സ്ത്രീക്ക്  അധികാരതുല്യമായ ഒരു പങ്കാളിത്തം പകര്‍ന്ന് കൊടുത്തുകൊണ്ട്  എങ്ങനെയാണ് നമുക്ക് പരിവർത്തിപ്പിക്കാനാവുക എന്നതാണ് നമ്മുടെ പരിഗണയിൽ പ്രധാനമായ് ഉയർന്നു വരേണ്ടത്.    
                        സ്ത്രീ എപ്പോഴും ചരിത്രപരമായ കീഴാളത്തം അനുഭവിക്കുന്നുണ്ട്. അത് നിർണ്ണയിക്കപ്പെടുന്ന മേഖലകൾ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ലൈംഗികപരവുമായ മേഖലകളിലാണ്. അതുകൊണ്ടു തന്നെ പുരുഷൻ കല്പിച്ചു കൊടുത്ത ഈ മേഖലകളിലെ അധീശത്വത്തെ മറികടക്കുന്നതിലൂടെ മാത്രമേ ഒരു സ്ത്രീക്ക് വിമോചനം സാധ്യമാകുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ആഗോളവത്കരണം ഒരു പരിധി വരെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ സ്ത്രീകളെ പര്യാപ്തമാക്കിയിട്ടുണ്ട്. കൂടി വരുന്ന വിവാഹമോചന നിരക്കുകൾ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അളവുകോൽ കൂടിയുമായ് നാം പരിഗണിക്കേണ്ടതുണ്ട്. കാരണം കുടുംബനാഥന്റെ ഏതു നേറികേടിനെയും നിലനില്പിന്റെ ഭാഗമായ് സഹിച്ചു പോന്ന സാമ്പത്തികാടിമത്വത്തിനെ തന്റെ സാമ്പത്തികപരമായ സ്വതന്ത്രാവസ്ഥ കൊണ്ട് ചോദ്യം ചെയ്യാനും തീരുമാനങ്ങളെടുക്കാനും സ്ത്രീ പ്രാപ്തമായ് എന്നതും കൂടി ഈ വിവാഹമോചന കണക്കുകളെ പരിഗണിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടതുണ്ട്. സാമ്പത്തികപരമായ് ഒരളവിൽ പിതൃകേന്ദ്രീകതമായ അധീശത്വത്ത മറികടക്കുമ്പോഴും ലൈംഗികപരമായ് നിർണ്ണയിക്കപ്പട്ട, അതായത് ലൈംഗികതയുടെ നിയന്ത്രണാധികാരം പുരുഷനിൽ നിന്ന് മോചിപ്പിക്കാൻ ഇപ്പോഴും സ്ത്രീക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. പുറത്ത് സർവ്വ സ്വതന്ത്രയായുള്ള സാമൂഹീകപ്രക്രിയകളിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീ,ഗൃഹത്തിൽ ഈ ലൈംഗികാടിമത്തത്തിൽ ആശ്വാസം കൊള്ളുകയും നേരത്തെ പറഞ്ഞ കീഴാളത്തം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. ഇത്‌ ചരിത്രപരമായ് നിർണ്ണയിക്കപ്പട്ട അധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഇതിനെ മറികടക്കാനോ പുനർ നിർണ്ണയത്തിന് വിധേയമാക്കാനോ ഇന്നും സ്ത്രീക്ക് കഴിഞ്ഞിട്ടില്ല എന്നത് സ്ത്രീ വിമോചനത്തിന്റെ മേഖലകളിൽ അവർക്ക് പരിമിതി ഉണ്ടാക്കുന്നുണ്ട് എന്നു വേണം കരുതാൻ.
                   ലിംഗ നീതിക്കും സാമൂഹിക സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കിയെടുക്കുകയോ അത്തരം ചലനങ്ങളെ ശക്തിപ്പെടുത്താനുള്ള ധൈഷണിക ശ്രമങ്ങൾക്കും പ്രതിരോധ ശ്രമങ്ങൾക്കും ശക്തി പകരുകയോ ചെയ്യുക എന്നതാണ് സ്ത്രീ വിമോചനത്തിന്റെ സമര മുഖങ്ങളിൽ പുരോഗമന ചിന്തകൾക്ക് നിർവ്വഹിക്കാനുള്ള പങ്ക്. ഇതിന്റെ പ്രധാന പരിഗണകളിലൊന്നായ് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്, സർക്കാർ അല്ലെങ്കിൽ ഭരണവർഗ്ഗവുമായ് നേരിട്ട് പ്രതിരോധത്തിലേർപ്പെടുന്നതിനു മുമ്പ് പരിഗണനാവിധേയമാക്കേണ്ട മറ്റ് പുരുഷാ‍ധികാര ഇടങ്ങളാണ്. 30 ശതമാനം സ്ത്രീകൾ പാർലമെന്റിലോ നിയമ സഭയിലോ അല്ലെങ്കിൽ 50 ശതമാനം ഗ്രാമ പഞ്ചായത്തുകളിലോ സംവരണത്തിന്റെ ആനുകൂല്യത്തിൽ എത്തുന്നതിനു മുമ്പായ് ജനാധിപത്യവത്ക്കരിക്കപ്പെടേണ്ട ഇടങ്ങളാണ് കുടുംബവും, വിപണിയും ജോലിസ്ഥലങ്ങളുമെല്ലാം. കാരണം സ്ത്രീ നേരിട്ട് അതിക്രമവും, പീഡനവും, ലിംഗവിവേചനത്തിന്റെ രൂക്ഷാനുഭവങ്ങളും മറ്റ് പല രീതിയിലുമുള്ള  ചൂഷണങ്ങളെല്ലാം ഏറ്റുവാങ്ങുന്ന  സാമൂഹ്യ സ്ഥാപനങ്ങളാണ് ഇതെല്ലാം. സമകാലിക കേരളീയ സാഹചര്യത്തിൽ നിന്നും എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഈ കാര്യത്തില്‍ നമുക്ക്  നിഷ്പ്രയാസം കണ്ടെടുക്കാവുന്നതേ ഉള്ളൂ. ഈ സാമൂഹ്യ രാഷ്ട്രീയ സ്ഥലികളുടെ  ജനാധിപത്യവത്കരണത്തിൽ നിന്നും മാത്രമേ പാർലിമെന്റെറി അധികാരത്തെ കൃത്യമായ് ഉപയോഗിക്കാനുള്ള ആർജ്ജവത്തിലേക്ക് സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ഉണരാൻ സാധിക്കുകയുള്ളൂ..
                       സാമൂഹികവും രാഷ്ട്രീയപരവുമായ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ ഒട്ടാകെ നിർണ്ണയിക്കുന്നത് ആശയങ്ങൾ മാത്രമാണ് എന്നതാണ് നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളൂടെ ഒരു പ്രധാന പരിമിതി. സ്ത്രീ വിമോചന ശ്രമങ്ങളിൽ ആശയപരമായ് മുന്നോട്ട് പോകുമ്പോഴും നമ്മുടെ ശീലങ്ങളിലോ ദൈനംദിന വ്യവഹാരങ്ങളിലോ  അതിനനുസൃതമായ ഒരു    ജൈവ മാതൃക വികസിപ്പിച്ചു കൊണ്ടു വരാന്‍ എന്തു കൊണ്ടോ നമുക്ക് കഴിയാതെ പോകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ കുടുംബത്തെ പൂർണ്ണാർത്ഥത്തിൽ ജനാധിപത്യവത്കരിക്കാൻ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ്  ഈ ഒരവസ്ഥയുടെ മികച്ച ഉദാഹരണങ്ങളിലൊന്ന്. കുടുംബത്തിലെ അധികാര ബന്ധങ്ങൾ ഭർത്താവ്- ഭാര്യ - കുട്ടികൾ - ഗാർഹികത്തൊഴിലാളികൾ എന്ന രീതിയിൽ നില നിൽക്കുന്ന ശ്രേണീ ബന്ധത്തെ സാധൂകരിക്കുന്നതാണ്. ഈ ഒരു ശ്രേണീ ക്രമം  ഒരു പുരോഗമന വിരുദ്ധ മാതൃകയായ് നമുക്ക് വിലയിരുത്താനാവുന്നതാണ്. ഈ ഒരു ശ്രേണിയെ ക്രിയാത്മകമായും സാമൂഹിക നീതിക്കും ലിംഗസമത്വത്തിനും അനുസൃതമായും പരിവർത്തിപ്പിക്കുന്നതിലൂടെ മാത്രമേ മുകളിലുള്ള പിതൃ കേന്ദ്രീകൃതമായ അധികാരാവസ്ഥയെ മറികടക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
                 വ്യത്യസ്ഥ കാലഘട്ടങ്ങളിൽ കേരളത്തിൽ രൂപം കൊണ്ട സ്ത്രീ വാദങ്ങളെ പരിഗണിക്കുമ്പോൾ നമ്മുടെ തുടക്കങ്ങളിലെ സ്ത്രീവാദങ്ങളുടെ പ്രധാന പരിമിതിയായ് തോന്നുന്നത് അത് പ്രദേശത്തെയോ അതിന്റെ സാമൂഹിക പരിഗണകളെയോ തീരെ സംബോധനം ചെയ്യാനുതകുന്നതായിരുന്നില്ല എന്നതാണ്. പകരം യൂറോ കേന്ദ്രീകൃതവും അതേ സമയം  imperialistic സ്ത്രീവാദവുമായ്  ചില തരത്തിലെങ്കിലും ബന്ധപ്പെട്ടു കിടക്കുന്നതുമായിരുന്നു എന്നതാണ്.  ആ കാലഘട്ടത്തിലെ വ്യത്യസ്ത മത ജാതി സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ പരിഗണിക്കുന്നതിനു പകരം അതിന്റെ സംബോധനകൾ അഭിമുഖീകരിച്ചിരുന്നത് പ്രധാനമായും യൂറോപ്യൻ ആധുനികതയിൽ രൂപം കൊണ്ട സ്ത്രീകളുടെ പരിഗണനകളെയും പ്രശ്നങ്ങളെയുമാണ്. എന്നാൽ ഇന്ന് അത്തരത്തിലുള്ള ഏകാത്മകമായ ഒരു സ്ത്രീവാദത്തിന്റെ കെട്ട് തകരുകയും വ്യത്യസ്ഥ ഭൂമികയിലും സമൂഹത്തിലും മതത്തിലോ ജാതിയിലോ ഒക്കെ തന്നെയുമുള്ള സ്ത്രീ വിഭാഗങ്ങളുടെ പ്രശ്നങ്ങളെയും വിമോചനത്തെയും പ്രത്യേകമായ് അഭിസംബോധന ചെയ്യണ്ടതുമാണ് എന്ന ബോധ്യത്തിലേക്ക് നമ്മുടെ സ്ത്രീ രാഷ്‌ട്രീയം മാറിയിട്ടുണ്ട്. ഈ മേഖലയിൽ  ഒരു ബഹുത്വം തന്നെ രൂപപ്പെടുകയും നമ്മുടെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ഈ രീതിയിലേ വികസിക്കാനാവുകയുള്ളൂ എന്ന നിഗമനത്തിലേക്ക് എത്താനും ഈ മേഖലയിലെ ചിന്തകൾക്കും ചലനങ്ങൾക്കും കഴിഞ്ഞു എന്നതും കൂടി മറ്റൊരു പ്രത്യേകതയായി  മനസ്സിലാക്കേണ്ടതാണ്. ഇത്‌ മനസ്സിലാക്കുമ്പോഴും ഇത്തരത്തിൽ പ്രാദേശികമായും സാമൂഹികമായും രൂപപ്പെടുന്ന സ്ത്രീവാദങ്ങൾക്ക് ഒരു സമഗ്ര ദർശനത്തിന്റെ യുക്തി മുന്നോട്ടു വെക്കാനോ അതിന്റെ പ്രാദേശിക സാധ്യതകൾ ആരായാനോ അതിനെ ആഗോള രാഷ്ട്രീയത്തിന്റെ പ്രശ്നമണ്ഡലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാനോ സാധിക്കുന്നില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന പരിമിതി.
                        മുകളിൽ സൂചിപ്പിച്ച ചരിത്ര യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടും സാധ്യതകളുടെ രാഷ്ട്രീയത്തെ സമര്‍ത്ഥമായ് പരിവർത്തിപ്പിച്ചുകൊണ്ടും പരിമിതികളെ പുതിയ രാഷ്ട്രീയത്തിന്റെ പ്രശ്ന പരിഹാരങ്ങളുടെ സ്വപ്ന മണ്ഡലങ്ങളിലേക്ക് വിട്ടുകൊടുത്തും അതിലൂടെ  പൊതുബോധം രൂപപ്പെടുത്തിയും  മാത്രമേ സ്വതന്ത്രാസ്ഥിത്വമുള്ള മലയാളി സ്ത്രീ എന്ന സ്വപ്നത്തിലേക്ക് നമുക്ക് നടന്നടുക്കാനാവൂ.