Tuesday, September 2, 2008

കാരശ്ശേരി അത്രക്ക് സർവ്വ സമ്മതനാണോ?

മലയാളം ജൂൺ 2008 ലക്കത്തിൽ ശ്രീ എ.എം. ഷിനാസ് എഴുതിയ "സർവ്വ സമ്മതന്മാരെ സൂക്ഷിക്കുക" എന്ന ലേഖനവും ഇതിനോട് പ്രതികരിച്ചുകൊണ്ട് വിശാഖ് ശങ്കർ എഴുതിയ "അപനിർമ്മിതിയുടെ കാരശ്ശേരി പർവ്വം" എന്ന മറുപടി ലേഖനവുമാണ് ഈ കുറിപ്പിന്നാധാരം.


ഷിനാസിന്റെ ലേഖനം ഒറ്റ വായനയിൽ തന്നെ വലിയ കഴമ്പുള്ള ഒന്നാണെന്ന് തോന്നിയിരുന്നില്ല. എങ്കിലും അതിൽ ഉന്നയിച്ച ആരോപണങ്ങളും ഉപോത്ബലകമായി തേടിപ്പിടിച്ചു കൊണ്ടുവന്ന തെളിവുകളും പിന്നീട്‌ ലേഖനത്തിൽ സമർത്ഥമായി മറച്ചുപിടിക്കുന്ന കാര്യങ്ങളെയും ഒരു കൗതുകത്തിനു വേണ്ടി ഒന്നു കൂട്ടി വായിച്ചു നോക്കി. സ്വാഭാവികമായും അതിൽ പറയുന്ന ആരോപണങ്ങൾക്കൊന്നും യാതൊരടിസ്ഥാനവുമില്ല എന്ന ധാരണ ഒന്നു കൂടി ബലപ്പെട്ടു. ഈ കാര്യങ്ങളിൽ ചിലത്‌ പറയുന്നത്‌ വിശാഖിന്റെ ലേഖനത്തിൽ പറയുന്ന ഇത്തരം അപനിർമാണങ്ങൾക്ക്‌ പിന്നിലെ ദുരൂഹത ബോധ്യമാവാൻ ഉപകരിക്കും എന്നു തോന്നുന്നു.

കാരശ്ശേരിക്കെതിരായ ലേഖനത്തിൽ ഷിനാസുന്നയിക്കുന്ന പൊതു യുക്തി എന്താണെന്നു വെച്ചാൽ കാരശ്ശേരി സർവ്വസമ്മതനാണ്‌; സർവ്വസമ്മതന്മാരെ സംശയിക്കണം എന്നതാണ്‌. കാരശ്ശേരിയുടെ സർവ്വ സമ്മതിയിൽ പ്രധാനമായും ഊന്നിപ്പറഞ്ഞത്‌ കേരളത്തിലെ സി.പി. എമ്മിന്റെ കാര്യമാണ്‌. വിശാഖ്‌ ചൂണ്ടിക്കാട്ടിയ പി.കെ. പോക്കറുടെ കാരശ്ശേരി വിമർശനലേഖനങ്ങൾ തന്നെ ഈ ആരോപണത്തിൽ ഒരു അടിസ്ഥാനവൂമില്ല എന്നതിന്‌ തെളിവാണ്‌. വിശദ വായനക്ക്‌ ലിങ്ക്‌ ചുവടെ ചേർക്കുന്നു.

‘സംവാദത്തിന്റെ രാഷ്ട്രീയം‘ സാഹിത്യലോകം ജനുവരി ഏപ്രിൽ 2008


പിന്നീട്‌ പരാമർശിക്കപ്പെടുന്നത്‌ ജമഅത്തെ ഇസ്ലാമിയുടെ നേതാക്കന്മാരുമായുള്ള വ്യക്തി ബന്ധത്തിന്റെ കാര്യമാണ്‌. ഇവിടെ മനസ്സിലാവാത്ത ഒരു കാര്യം ഒരു സാമൂഹിക വ്യവഹാരത്തിന്റെ ഭാഗമായി ഏതു വ്യക്തിയും പിന്തുടരുന്ന സാധാരണ വ്യക്തി ബന്ധങ്ങൾ താൻ വിമർശിക്കുന്ന ആശയത്തിന്റെ ആളുകളെ സുഖിപ്പിക്കാനുള്ള തെളിവായി നിരത്തുന്നതിന്റെ യുക്തിയാണ്‌. ഒരാശയത്തെ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെ എതിർക്കുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്ന ഒരെഴുത്തുകാരൻ എതിർപ്പക്ഷത്ത്‌ നിലകൊള്ളുന്ന നാട്ടുകാരെനെയോ സഹപാഠിയെയോ വഴിയിൽ വെച്ചു കാണുമ്പോൾ കുശലം പറയുന്നത്‌ പ്രീണനമായി കാണുക. മിണ്ടാതെപോയാലൊ അയാളെ അസഹിഷ്ണുവും പിന്തിരിപ്പനുമാക്കി മൂലക്കിരുത്തുക. ഈ ഒരു സൗകര്യമാണ്‌ ഈ വ്യക്തി ബന്ധങ്ങളുടെ കാര്യത്തിൽ ഷിനാസ്‌ ഉപയോഗിച്ചത്‌ എന്നത്‌ പറയാതിരിക്കാൻ നിവൃത്തിയില്ല.


ചേകനൂർ കേസിന്റെ പശ്ചാത്തലം.

ഷിനാസിന്റെ ലേഖനത്തിൽ ഉന്നയിച്ച പ്രധാന ചോദ്യം ചേകനൂർ മൗലവി പ്രശ്നത്തിലെടുത്ത രചനാപരമായ രണോത്സുകത ജമാഅത്തെ ഇസ്ലാമിയോടും സി.പി.എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തോടും എന്തുകൊണ്ട്‌ എം. എൻ കാരശ്ശേരി കൈകൊള്ളുന്നില്ല എന്നതാണ്‌.

സി.പി. എമ്മിനെയും ജമാത്തെ ഇസ്ലാമിയെയും കാരശ്ശേരി വിമർശിച്ചതിന്‌ അടുത്തിട വന്ന ആനുകാലികങ്ങൾ വിശാഖിന്റെ ലേഖനത്തിൽ സൂചിപ്പിച്ചു കഴിഞ്ഞു. ഇനി ജമാഅത്തെ ഇസ്ലാമിയുടെ കാര്യം പരിശോധിക്കാം. ജമാത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയത്തോടും മത രാഷ്ട്ര വാദത്തോടും നിരന്തരമായി കലഹിക്കുകയും അതിന്റെ അപകടങ്ങളെ കേരളീയ മതേതര സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരികയും ചെയ്ത എഴുത്തുകാരാണ്‌ ശ്രീ ഹമീദ്‌ ചേന്നമംഗലുരും എം. എൻ. കാരശ്ശേരിയും. മറ്റൊരു എഴുത്തുകാരും ഈ പ്രശ്നത്തിൽ നിരന്തരമായും ഗൗരവമായും ഇത്തരത്തിലൊരു നിലപാട്‌ തുടർന്നു പോന്നതായി തോന്നുന്നില്ല. കാരശ്ശേരിയുടെ ജമാഅത്ത്‌ വിമർശനത്തിന്‌ എത്രവേണമെങ്കിലും തെളിവുകളാജറാക്കാം. ഓർമ്മയിലുള്ള ചിലത്‌, ഇസ്ലാമിക രാഷ്ട്രീയവും മുസ്ലിം രാഷ്ട്രീയവും (പച്ചക്കുതിര ഇസ്ലാം , മുസ്ലിം സ്പെഷ്യൽ ഇഷ്യു, കലാ കൗമുദി ഇന്റർവ്യൂ). മറ്റ്‌ ഒട്ടനവധി ലേഖനങ്ങളും പ്രസംഗങ്ങളും ടെലിവിഷൻ പരിപാടികളും സംവാദങ്ങളും. ഇതെല്ലാം അംഗീകരിച്ചു കൊണ്ട്‌ തന്നെ ഷിനാസ്‌ ചോദിക്കുന്നത്‌ ചേകനൂർ കേസിൽ കൈക്കൊണ്ട രണോത്സുകതയുടെ അളവ്‌ മാർക്ക്സിസ്റ്റ്‌ വിമർശനത്തിൽ കുറഞ്ഞുപോയതാണ്‌.

ഇതിൽ പറയാനുള്ളത്‌ രണ്ട്‌ കാര്യങ്ങളാണ്‌. അതിലൊന്ന് ചേകനൂർ മൗലവി കേസും മാർക്ക്സിസ്റ്റ്‌ വിമർശവും തമ്മിൽ ഒരു ഇഷ്യു ആവശ്യപ്പെടുന്ന ഇൻവോൾമെന്റിന്റെ അളവിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്‌ എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. രണ്ടിന്റെയും സാഹചര്യങ്ങൾ തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോൾ ഇത് മനസ്സിലാവും , സാമ്പ്രദായിക ഇസ്ലാമിക അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും യുക്തിയെയും പൊള്ളത്തരങ്ങളെയും ഖുറാന്റെ പഴഞ്ചൻ വ്യാഖ്യാനങ്ങൾക്ക്‌ പകരം പുതിയ വ്യാഖ്യാനങ്ങളുടെ പിൻബലത്തോടെ വിമർശിച്ച ആളായിരുന്നു ചേകനൂർ മൗലവി. അദ്ദേഹത്തിന്റെ പുതിയ വാദഗതികൾക്ക്‌ യുവാക്കളടക്കമുള്ള ചെറിയൊരു പറ്റത്തിന്‌ ആഭിമുഖ്യം തോന്നിത്തുടങ്ങിയ ഒരു സമയത്താണ്‌ പെട്ടെന്ന് അദ്ദേഹം ഭൂമുഖത്ത്‌ നിന്ന് അപ്രത്യക്ഷമാകുന്നത്‌. പിന്നീട്‌ നമ്മൾ കണ്ടത്‌ കേരളത്തിന്റെ സാംസ്കാരിക പൗരാവകാശ മണ്ഡലത്തിന്റെ അതിഭീകരമായ നിശബ്ദതയായിരുന്നു. ആറു മാസത്തോളം ഒരു ചെറിയ ലേഖനം പോലും ഒരു മുഖ്യധാരാ മാധ്യമത്തിലും വന്നില്ല. ഇതിന്റെ കാരണം വ്യക്തമാണ്‌. ചേകനൂർ മൗലവി വധിക്കപ്പെടുന്നത്‌ കൃത്യമായ ഒരു മതവിധിയുടെ അടിസ്ഥാനത്തിലായിരുന്നു. (ഇസ്ലാം മതത്തിൽ നിന്ന് പുറത്ത്‌ പോകുന്ന ആളെ(മുർത്തദ്ദ്‌) കൊന്നുകളയേണ്ടത്‌ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ്‌ എന്ന നിയമം). ഇതിനെ ആധുനിക സമൂഹത്തിന്റെ മുമ്പിൽ ചില കപടവ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ മയപ്പെടുത്തി പറയുമെങ്കിലും എല്ലാ മുഖ്യധാരാ ഇസ്ലാമിക സംഘടനകളും അടിസ്ഥാനപരമായി ഇതംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ വലിയ ഒരു വോട്ടു ബേങ്കുള്ള ഈ സമൂഹത്തെ പിണക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുകയില്ല. ഇഷ്യു എത്രമാത്രം പ്രാധാന്യമുള്ളതായാലും വെറും വിരലിലെണ്ണാവുന്ന നിർദ്ദോഷകരമായ പ്രതികരണങ്ങൾ മാത്രമാണ്‌ നമ്മുടെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്ന് ഈപ്രശ്നത്തിൽ ഉണ്ടായത്‌. ഈ ഒരു സമയത്താണ്‌ നിരന്തരം ഈ വിഷയത്തിൽ ഇടപെടുകയും ഇഷ്യു കേരള ചരിത്രത്തിലെ വലിയൊരു പൗരാവകാശ പോരാട്ടമാക്കി മാറ്റുകയും ചെയ്ത കാരശ്ശേരി മാഷുടെ പ്രസക്തി. ബി.ജെ.പി അടക്കമുള്ള എല്ലാ രാഷ്ട്രിയക്കക്ഷികളും കോമ്പ്രൈമൈസ്‌ ചെയ്ത, എല്ലാ മുസ്ലിം സംഘടനകളും എതിർപ്പക്ഷത്ത്‌ നിലയുറപ്പിച്ച ഒരു സാഹചര്യത്തിൽ ആ ഇഷ്യു ഏറ്റെടുത്ത്‌ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തത്‌ ഏത്‌ സർവ്വസമ്മതിക്ക്‌ വേണ്ടിയായിരുന്നു?.

ഇന്ന് മാർക്ക്സിസ്റ്റ്‌ പാർട്ടിയുടെ പ്രീണന രാഷ്ട്രീയത്തെയും വലതുപക്ഷ വ്യതിയാനത്തെയും വിമർശിക്കുന്ന ഒരു വലിയ മാധ്യമങ്ങളും എഴുത്തുകാരും അടങ്ങുന്ന വലിയ നിരതന്നെയുണ്ട്‌. അതുപോലെ ജമാഅത്തെ ഇസ്ലാമിയുടെതടക്കമുള്ള മത വർഗ്ഗീയ രാഷ്ട്രീയത്തെയും എതിർക്കുന്ന ഒട്ടേറെ ബുദ്ധിജീവികളും എഴുത്തുകാരും ഉണ്ട്‌. ഇവർ ഇത്തരം പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു ചേകനൂർ കേസിന്റെ പശ്ചാതതലം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും തുറന്നു പറഞ്ഞതിന്റെ പേരിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ചേകനൂർ മൗലവിക്ക്‌ വേണ്ടിയോ. അതിന്‌ കാരണമായ അങ്ങേ അറ്റം മനുഷ്യത്വ വിരുദ്ധവും അപകടകരവുമായ മതവിധിക്കെതിരെ ശബ്ദിക്കുന്ന കാര്യത്തിലോ തികഞ്ഞ നിസ്സംഗതയാണ്‌ അന്ന് ഇപ്പറഞ്ഞ എഴുത്തുകാരോ ബുദ്ധിജീവികളോ കാണിച്ചത്‌(ചില ലേഖനത്തിലെ നാമമാത്ര പരാമർശങ്ങൾ ഒഴിച്ചു നിർത്തിയാൽ). ഈ സമയത്ത്‌ ചോദിക്കാനുള്ളത്‌ ഷിനാസ്‌ ചോദിച്ചതിന്റെ മറുചോദ്യമാണ്‌. മാക്സിസ്റ്റ്‌ വിമർശനത്തിൽ കാണിക്കുന്ന രണോത്സുകത ചേകനൂർ പ്രശ്നത്തിൽ എന്തുകൊണ്ട്‌ ഇവരാരും ഏടുത്തു കണ്ടില്ല?.

ഇനി രണ്ടാമത്തെക്കാര്യം, ഒരു പ്രശ്നത്തിൽ ഒരാൾ ശക്തമായ നിലപാട്‌ കൈക്കൊള്ളുകയും അത്‌ കേരളീയ മനുഷ്യാവകാശ പ്രവർത്തകരുടെ വളരെ വലിയ പോരാട്ടമാക്കി മാറ്റുകയും ചെയ്തതുകൊണ്ട്‌ (പരമ്പാരാഗത മതാനുഷ്ഠാനങ്ങളെയും നിയമങ്ങളെയും വിമർശിച്ചതിന്റെ പേരിൽ മൃതദേഹം പോലും കിട്ടാത്ത രീതിയിൽ നാമാവശേഷമാക്കിയ ഒരു പാവം മൗലവിക്കു വേണ്ടി ആരും ശബ്ദിക്കാനില്ലാത്ത സാഹചര്യത്തിൽ) അതേ അളവിലും രൂപത്തിലും മറ്റ്‌ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളിലും അയാൾ ഇടപെടണം എന്നു ശഠിക്കുന്നത്‌ എന്ത്‌ ന്യായമാണ്‌? ഈ ഒരു കാരണം കൊണ്ട്‌ സംശയത്തിന്റെ നിഴലിൽ നിർത്തി കശാപ്പ്‌ ചെയ്യുകയും എന്നിട്ട്‌ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ ക്രെഡിബിലിറ്റിയെ ഇല്ലാതാക്കുകയും ചെയ്യുന്നത്‌ പ്രത്യക്ഷത്തിൽ ആരെ സഹായിക്കാനാണ്‌ എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാവും.

ഇനി ഷാബാനൂ കേസിന്റെയും ശരീഅത്ത്‌ വിമർശനത്തിന്റെയും കാര്യം എടുത്തു നോക്കാം. മുസ്ലിം സ്ത്രീ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട്‌ എഴുതിയ ഉമ്മമാർക്കു വേണ്ടി ഒരു സങ്കട ഹരജി മുതൽ ഒട്ടേറെ ലേഖനങ്ങൾ കാരശ്ശേരിയുടെതായിട്ട്‌ ഈ പ്രശ്നങ്ങളിൽ വന്നിട്ടുണ്ട്‌. ശരീഅത്ത്‌ വിമർശനത്തിന്റെ അടിസ്ഥാനമെന്താണെന്നു വച്ചാൽ എല്ലാ മത നിയമങ്ങളും കാലത്തിനും ദേശത്തിനും അനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതാണ്‌ എന്ന വാദമാണ്‌. എന്നാൽ ശരീഅത്ത്‌ നിയമങ്ങൾ ദൈവത്തിന്റെതാണെന്നും അത്‌ എല്ലാ കാലത്തേക്കുമുള്ളതാണന്നും അതുകൊണ്ടു തന്നെ അത്‌ മാറ്റാനോ വിമർശിക്കാനോ മനുഷ്യർക്ക്‌ അധികാരമില്ല എന്നതാണ്‌ എല്ലാ മുസ്ലിം സംഘടനകളുടെയും വാദം. അപ്പോൾ മുസ്ലിം സംഘടനകൾക്ക്‌ കാരശ്ശേരി സമ്മതനാവാൻ നിർവ്വാഹമില്ല.

ഇത്രയും കാര്യങ്ങൾ പരിഗണിക്കുമ്പോൾ വിശാഖ്‌ സൂചിപ്പിച്ചപോലെ ഈ അപനിർമ്മാണത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതു തന്നെ.

4 comments:

സുനില്‍ സലാം said...

മലയാളം ജൂൺ 2008 ലക്കത്തിൽ ശ്രീ എ.എം. ഷിനാസ് എഴുതിയ "സർവ്വ സമ്മതന്മാരെ സൂക്ഷിക്കുക" എന്ന ലേഖനവും ഇതിനോട് പ്രതികരിച്ചുകൊണ്ട് വിശാഖ് ശങ്കർ എഴുതിയ "അപനിർമ്മിതിയുടെ കാരശ്ശേരി പർവ്വം" എന്ന മറുപടി ലേഖനവുമാണ് ഈ കുറിപ്പിന്നാധാരം.


ഷിനാസിന്റെ ലേഖനം ഒറ്റ വായനയിൽ തന്നെ വലിയ കഴമ്പുള്ള ഒന്നാണെന്ന് തോന്നിയിരുന്നില്ല. എങ്കിലും അതിൽ ഉന്നയിച്ച ആരോപണങ്ങളും ഉപോത്ബലകമായി തേടിപ്പിടിച്ചു കൊണ്ടുവന്ന തെളിവുകളും പിന്നീട്‌ ലേഖനത്തിൽ സമർത്ഥമായി മറച്ചുപിടിക്കുന്ന കാര്യങ്ങളെയും ഒരു കൗതുകത്തിനു വേണ്ടി ഒന്നു കൂട്ടി വായിച്ചു നോക്കി. സ്വാഭാവികമായും അതിൽ പറയുന്ന ആരോപണങ്ങൾക്കൊന്നും യാതൊരടിസ്ഥാനവുമില്ല എന്ന ധാരണ ഒന്നു കൂടി ബലപ്പെട്ടു. ഈ കാര്യങ്ങളിൽ ചിലത്‌ പറയുന്നത്‌ വിശാഖിന്റെ ലേഖനത്തിൽ പറയുന്ന ഇത്തരം അപനിർമാണങ്ങൾക്ക്‌ പിന്നിലെ ദുരൂഹത ബോധ്യമാവാൻ ഉപകരിക്കും എന്നു തോന്നുന്നു.

Joker said...

ശ്രീ.സുനില്‍ സലാം
താങ്കള്‍ കൊടുത്ത എല്ലാം വായിക്കാന്‍ സമയം കിട്ടിയില്ല എങ്കിലും ശ്രീ.ഷിനാസിന്റെ ലേഖനത്തില്‍ എന്തൊക്കെയോ ചില പൊരുത്തക്കേടുകളോ അല്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍ പറയുന്നത് പോലെ ‘വെറും കണ്ടു’ കൂടായ്കയോ ആണ്.ചിലര്‍ക്ക് അങ്ങനെയാണ് അവര്‍ക്ക് ചിലര്‍ പതിച്ചു നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റ് സാമുദായിക വിഭാഗങ്ങളുടെയോ ആളുകളുകളായ്യി കാണാനും അങ്ങനെ വിമര്‍ശിക്കാനുമാണ് ഏറെയിഷ്ടം.എന്നാല്‍ കാരശ്ശേരിയെ സംബന്ധിച്ചേടത്തോളം അദ്ദേഹം വളരെ വ്യക്തമായും നിക്ഷപക്ഷമായും എടുക്കുന്ന നിലപാടുകള്‍ കാരണം ഷിനാസിന് പിടിക്കാന്‍ കനമ്പുകള്‍ കിട്ടാത്ത അവസ്ഥയുണ്ട്.ഏതെങ്കിലും ഒരു കൂട്ടത്തില്‍ പെടുത്തിയാലല്ലാതെ ഇത്തരക്കാര്‍ക്ക് ഇരിക്കപ്പൊറുതി കിട്ടി എന്ന് വരില്ല.സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പക്ഷം ചേരലുകള്‍ ഇല്ല എങ്കില്‍ സമകാലീന കാലത്ത് അജണ്ടാ ക്ഷാമം നേരിടുന്ന ശ്രീ.ഷിനാസിനെ പോലുള്ളവരുടെ അക്രമം സ്വാഭാവികം മാത്രമാണ് എന്നാണ് എന്റെ വിലയിരുത്തല്‍.

vrajesh said...

സര്‍‌വസമ്മതന്‍ എന്നത് അസംബന്ധമാണ്‌.ഒരു ശവത്തിനു മാത്രമേ സര്‍‌വസമ്മതന്‍ ആകാന്‍ പറ്റൂ.

Suneetha T V said...

കാരശ്ശേരി മാഷ് അദ്ദേഹത്തിന്റെ വിവിധതലങ്ങളിലുള്ള ഇടപെടലുകളിലൂടെ അനീതികള്‍ക്കെതിരെയുള്ള ഒരു ഒറ്റയാള്‍പ്പോരാട്ടമാണ് നടത്തുന്നത്.യുക്തിയുക്തവും ശക്തവുമായ അദ്ദേഹത്തിന്റെ ശബ്ദം , സമൂഹം ഒരിക്കലും മറന്നുകൂടാത്ത ഇടങ്ങളില്‍ മുഴങ്ങുന്നത് നാം കാണുന്നു.മാഷുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുകയാണ് കേരളം ചെയ്യേണ്ടത്...